പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തുന്ന പ്രസംഗത്തെ നിശ്ചിതമായ ബഹുമാനത്തോടെ കാണുന്നതാണ് രാജ്യത്തെ കീഴ്വഴക്കം. പ്രതിപക്ഷ കക്ഷികള്‍ പ്രസംഗത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിക്കുമ്പോഴും പൊതുവേ നിയന്ത്രണവും സമചിത്തതയും പ്രദര്‍ശിപ്പിക്കാറുണ്ട്. എന്നാല്‍, ഇത്തവണ മന്‍മോഹന്‍ സിംഗ് നടത്തിയ പ്രസംഗം വഴിതുറന്നത് ഒരു രാഷ്ട്രീയ വാക്പോരിനാണ്. ബി.ജെ.പിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ന്നുവന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്റെ തനതുശൈലിയില്‍ സിംഗിന്റെ പ്രസംഗത്തെ ആക്രമിച്ചതും തുല്യം നില്‍ക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രത്യാക്രമണവുമാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിനാഘോഷങ്ങള്‍ക്ക് എരിവുപകര്‍ന്നത്.
അതേസമയം, ഇത് അപ്രതീക്ഷിതമാണെന്നും പറയാനാവില്ല. അടുത്ത വര്‍ഷം നടക്കേണ്ട പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് ഡോ. സിംഗ് നടത്തുന്ന അവസാന സ്വാതന്ത്ര്യദിന പ്രസംഗമാണിത്. അഴിമതികളുടെ പരമ്പരയും, അനിയന്ത്രിതമായ പണപ്പെരുപ്പവും ഭരണനിര്‍വഹണത്തിലെ പോരായ്മകളും അടക്കം യു.പി.എ സര്‍ക്കാര്‍ നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും മുന്നണിക്ക് വോട്ടുനല്‍കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു പ്രസംഗം ചെങ്കോട്ടയില്‍ നടത്തേണ്ട സമ്മര്‍ദ്ദം പ്രധാനമന്ത്രിയില്‍ ഉണ്ടായിരുന്നു. റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പറിലേക്കുള്ള പാത സ്വയം ഒരുക്കുന്ന മോഡിക്കാകട്ടെ, പ്രധാനമന്ത്രിയേയും ഒപ്പം നെഹ്രു-ഗാന്ധി കുടുംബത്തെയും വ്യക്തിപരമായി നേരിടാന്‍ കിട്ടിയ ഒരവസരവും.
ഡോ. സിംഗിന്റെ പ്രസംഗത്തില്‍ സാധാരണക്കാരനും രാജ്യത്തിനും സൗജന്യങ്ങള്‍ കുറവും വാഗ്ദാനങ്ങള്‍ ധാരാളവുമായിരുന്നു. അര മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ തന്റെ സര്‍ക്കാറിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍, പ്രത്യേകിച്ചും ഭക്ഷ്യസുരക്ഷാ പദ്ധതി പോലുള്ളവ, എടുത്തുപറയുകയും പരിമിതികള്‍ വിശദീകരിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ആഗസ്ത് ആറിന് കശ്മീരിലെ പൂഞ്ചില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ സൈന്യം വധിച്ച പശ്ചാത്തലത്തില്‍ തങ്ങളുടെ പ്രദേശം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്നതില്‍ പാകിസ്താന് മുന്നറിയിപ്പും അദ്ദേഹം നല്‍കി. രണ്ട്, തുറമുഖങ്ങള്‍, എട്ടു വിമാനത്താവളങ്ങള്‍, പുതിയ വ്യാവസായിക ഇടനാഴികള്‍, റെയില്‍ പദ്ധതികള്‍ എന്നിവയുടെ പണി എത്രയും വേഗം ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഇതെല്ലാം സാധാരണക്കാരുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണത്തില്‍ യു.പി.എക്കുള്ള പ്രതിബദ്ധതയുടെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോഡിക്കെതിരെ സൂക്ഷ്മമായ ഒരു വിമര്‍ശനവും ഒപ്പം മന്‍മോഹന്‍ സിംഗ് നടത്തി. അതിങ്ങനെ: “ആധുനികവും പുരോഗമനപരവും മതേതരവുമായ ഒരു രാജ്യത്ത് സങ്കുചിതവും വിഭാഗീയവുമായ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഇടമില്ല. അത്തരം പ്രത്യയശാസ്ത്രങ്ങള്‍ നമ്മുടെ സമൂഹത്തെ വിഭജിക്കുകയും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.”
ഏകദേശം ഒരു മണിക്കൂറിനു ശേഷം രാജ്യതലസ്ഥാനത്തു നിന്ന്‍ 1000 കിലോമീറ്റര്‍ അകലെ ഭുജിലെ ഒരു കോളേജില്‍ നടത്തിയ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഒരു സംവാദത്തിന് പ്രധാനമന്ത്രിയെ മോഡി വെല്ലുവിളിച്ചു. യാതൊരു സന്ദേശവുമില്ലാത്ത പ്രധാനമന്ത്രിയുടെ പ്രസംഗം തന്നെ നിരാശപ്പെടുത്തിയെന്നും താന്‍ മാത്രമല്ല മുഴുവന്‍ രാജ്യവും ഈ വികാരം പങ്കുവെക്കുന്നതായും മോഡി പറഞ്ഞു. വികസനം സംബന്ധിച്ച് ഗുജറാത്തും ഡല്‍ഹിയും തമ്മില്‍ ഒരു മത്സരം നടക്കട്ടെ എന്നും മോഡി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രക്കു നേരെയും പരോക്ഷമായി മോഡി വിമര്‍ശനമുയര്‍ത്തി. “പഴയ ടെലിവിഷന്‍ സീരിയലുകളില്‍ അഴിമതിയുടെ കേന്ദ്രമായിരുന്നു സ്വജനപക്ഷപാതം. കാലം മാറിയതിനനുസരിച്ച് അതുമാറി. അമ്മാവനും അനന്തരവനും എന്ന പുതിയ സീരിയല്‍ അഴിമതിയില്‍ വന്നു. ഇപ്പോഴത് അമ്മായിയമ്മ, മകള്‍, മരുമകന്‍ എന്ന സീരിയലായി മാറി.”, മോഡി പറഞ്ഞു.
അന്‍പത് മിനിറ്റ് നീണ്ടുനിന്ന തന്റെ പ്രസംഗത്തില്‍ മോഡി ഒരിക്കല്‍പ്പോലും ഡോ.സിംഗിന്റെ പേരുപയോഗിച്ചില്ല. എന്നാല്‍, 49 തവണ ‘പ്രധാന്‍ മന്ത്രി’ എന്ന അഭിസംബോധന മോഡി ആവര്‍ത്തിച്ചു. “താങ്കള്‍ ഒരു കുടുംബത്തെ സേവിക്കുന്നതില്‍ മുഴുകിയിരിക്കുന്നതിനാല്‍ രാജ്യത്തെ 125 കോടി ജനങ്ങളെ മറന്നുപോയിരിക്കുന്നു.” ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് മോഡി പറഞ്ഞു.
പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ ഒരു ദിവസം മുന്‍പത്തെ രാഷ്ട്രത്തോടുള്ള അഭിസംബോധന ആവര്‍ത്തിച്ച് പരാമര്‍ശിച്ചുകൊണ്ട് ദേശീയ സുരക്ഷയും അഴിമതിയും സംബന്ധിച്ച പ്രശ്നങ്ങള്‍ തന്റെ പ്രസംഗത്തില്‍ മോഡി ഉന്നയിച്ചു. “ക്ഷമക്ക് അതിരുകളുണ്ടെന്ന്‍ പ്രസിഡന്റ് പറയുന്നു. എന്താണ് ആ അതിര്? എവിടെയാണ് അതിര്‍ത്തി രേഖ? പാകിസ്താന്‍ മാത്രമല്ല പ്രശ്നം. ഇന്ന്‍, ദേശീയ സുരക്ഷ ഭീഷണി നേരിടുന്നു. ചൈനക്കാര്‍ നമ്മുടെ മണ്ണിലേക്ക് നുഴഞ്ഞുകയറുന്നു. എന്നാല്‍ നാം മൗനം പാലിക്കുന്നു. ഇറ്റാലിയന്‍ സൈനികര്‍ നമ്മുടെ മുക്കുവരെ കൊലപ്പെടുത്തുമ്പോള്‍, പാകിസ്ഥാനികള്‍ നമ്മുടെ സൈനികരുടെ തല വെട്ടിയെടുക്കുമ്പോള്‍ നാം ഉത്ക്കണ്ഠാകുലരാകുന്നു. പാകിസ്താനെ വെല്ലുവിളിക്കാനുള്ള സ്ഥലമല്ല ചെങ്കോട്ട. എന്നാല്‍ തീര്‍ച്ചയായും നമ്മുടെ സൈനികരുടെ ആത്മവീര്യം ഉയര്‍ത്താനുള്ള ഒരു വേദിയാണ്.”
പതിവ് നാടകീയതയും അംഗവിക്ഷേപങ്ങളും ഒട്ടേറെ ആക്ഷേപ വാക്കുകളും നിറഞ്ഞ പ്രസംഗത്തില്‍ മൂന്ന്‍ കാര്യങ്ങള്‍ക്കാണ് മോഡി ഊന്നല്‍ നല്‍കിയത്. അഴിമതി തുടച്ചുനീക്കുക, ജനങ്ങള്‍ക്ക് വിദ്യാഭാസവും തൊഴിലും നല്‍കുക, ഒപ്പം പ്രധാനമന്ത്രിക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്ഷേപങ്ങളും.
“(ചെങ്കോട്ടയില്‍) ഏറ്റവുമധികം തവണ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയവരില്‍ താങ്കളുടെ പേരും ഉള്‍പ്പെടുന്നുവെങ്കിലും പണ്ഡിറ്റ് നെഹ്രു നമ്മുടെ രാജ്യത്തോടുള്ള തന്റെ ആദ്യ അഭിസംബോധനയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് താങ്കളും പറയുന്നതെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. കഴിഞ്ഞ 60 വര്‍ഷങ്ങളായി എന്താണ് നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് എന്നതാണ് ചോദ്യം.” മോഡി പറഞ്ഞു.
“ഉത്തരവാദികളെ നാം ഉടന്‍ തേടുന്നില്ലെന്നു തന്നെ വെക്കുക. പക്ഷേ, രൂപയെ എങ്ങിനെയാണ് നിങ്ങള്‍ ശക്തിപ്പെടുത്തുക എന്നെങ്കിലും നിങ്ങള്‍ക്ക് രാഷ്ട്രത്തോട് പറയാമായിരുന്നു. എന്ത് സാമ്പത്തിക നടപടികള്‍ ആണ് നിങ്ങള്‍ സ്വീകരിക്കുക എന്നും. പകരം, നിങ്ങള്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് മേല്‍ കുറ്റം ചാരുകയും ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനാവില്ലെന്നുമാണ് പറഞ്ഞത്.” സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രിയെ മോഡി കുറ്റപ്പെടുത്തി.
സാഹസികമായ രാഷ്ട്രീയ ധ്വനികളാണ് മോഡിയെ പ്രസംഗത്തെ വേറിട്ട് നിര്‍ത്തിയത്. ഒരു മുഖ്യമന്ത്രിയായല്ല, ബി.ജെ.പിയുടെ പ്രചാരണ മേധാവിയായി തന്നെയാണ് മോഡി സംസാരിച്ചത്. അത് മന:പൂര്‍വവുമായിരുന്നു. കാരണം തന്റെ പാര്‍ട്ടിയുടെ അജണ്ട നിശ്ചയിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്താനും ഗുജറാത്തിന്റെ അതിരുകള്‍ക്ക് പുറത്തേക്ക് തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ വ്യാപിപ്പിക്കാനും ഇതിലൂടെ മോഡി ആഗ്രഹിച്ചു. എന്നാല്‍, ഈ പ്രക്രിയയില്‍, അക്രമാത്മകവും പരുഷവുമായ ശൈലിയിലൂടെ രാഷ്ട്രീയമായ ഒരു ലക്ഷ്മണരേഖയും മോഡി ഭേദിച്ചിരിക്കുന്നു.
എതിരഭിപ്രായം വന്നത് കോണ്‍ഗ്രസില്‍ നിന്ന്‍ മാത്രമല്ല. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയും നീരസം വ്യക്തമാക്കി. “മറ്റുള്ളവരെ വിമര്‍ശിക്കാതെ തന്നെ ഇന്ത്യയുടെ അപരിമിതമായ സാധ്യതകളെക്കുറിച്ച് ആളുകള്‍ മനസ്സിലാക്കേണ്ട ആവശ്യകതയാണ് ഈ ദിവസമുള്ളത്.” അദ്വാനി അഭിപ്രായപ്പെട്ടു.
‘തുഛ'മായ രാഷ്ട്രീയത്തില്‍ അഭിരമിക്കുന്നതില്‍ മോഡിയെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് പൊതു സംവാദത്തിനുള്ള മോഡിയുടെ വെല്ലിവിളിയെ ‘വലിയ വായിലുള്ള വര്‍ത്തമാന’മായി തള്ളിക്കളഞ്ഞു. “പ്രധാനമന്ത്രി അവസാനം വരും. ആദ്യം മോഡി ഞങ്ങളോട് വാദിക്കട്ടെ.” കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. വലിയ നേട്ടങ്ങള്‍ക്കായുള്ള പരക്കംപാച്ചിലിനിടയില്‍ രാഷ്ട്രീയവ്യത്യാസങ്ങള്‍ ജനങ്ങള്‍ മറക്കുന്ന ഒരു ദിവസമാണിതെന്ന്‍ മോഡി മറന്നതായും ഖുര്‍ഷിദ് കുറ്റപ്പെടുത്തി.
അങ്ങേയറ്റം പുച്ഛത്തോടെയാണ് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് മോഡിയും പ്രധാനമന്ത്രിയും തമ്മിലുള്ള താരതമ്യത്തെ തള്ളിക്കളഞ്ഞത്. ബരാക് ഒബാമയെക്കാളും വലിയ ആളാണ് താനെന്ന് പറഞ്ഞാല്‍ ആളുകള്‍ തനിക്ക് ഭ്രാന്താണ് എന്നേ പറയുകയുള്ളൂ എന്നായിരുന്നു ആസാദിന്റെ പ്രതികരണം. ഒരു ഹിന്ദി പഴഞ്ചൊല്ല് പരാമര്‍ശിച്ചുകൊണ്ട് എങ്ങിനെയാണ് ഒരു മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ വെല്ലുവിളിക്കാനാക്കുക എന്നും ആസാദ് ചോദിച്ചു.
ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും കലപിലകള്‍ക്കിടയില്‍ ഒരു കാര്യം ശ്രദ്ധേയമാകുന്നു: ശ്രദ്ധയും ഒപ്പം വിമര്‍ശനങ്ങളും പ്രധാനമന്ത്രിയെക്കാളും അധികം ലഭിച്ചത് മോഡിക്കാണ്. 2014-ലെ പോരാട്ടത്തിന് അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഉത്‌കര്‍ഷേച്ഛയുള്ളവര്‍ തങ്ങളുടെ അജണ്ടകളും താല്‍പ്പര്യങ്ങളും നിറവേറ്റുന്നതിനായി ഏതൊരു അവസരവും ചൂഷണം ചെയ്യുന്നതില്‍ അതിശയമില്ല.