ദുരന്തങ്ങള്‍ തോരാതെ ഒരു കുടുംബം

Saturday, April 20, 2013 - 12:00pm

കൂറ്റനാട്: ഒന്നിനു പിറകെ ഒന്നായി രോഗങ്ങള്‍ വേട്ടയാടുന്ന ഒരു കുടുംബം ഉദാരമതികളുടെ കനിവ് തേടുന്നു. പാലക്കാട്‌ ജില്ലയിലെ കൂറ്റനാട് പിലാക്കാട്ടിരി വാഴക്കാട്ടില്‍ പുത്തന്‍വീട്ടില്‍ സുധയും മക്കളുമാണ് ചികിത്സക്ക് വഴിയില്ലാതെ സഹായം തേടുന്നത്.

 

സുധയുടെ രണ്ട് മക്കളും പിറന്ന് വീണത് മാരകരോഗങ്ങളുമായാണ്. മൂത്ത മകന്‍ പിറന്ന് ഒരു മാസമെത്തും മുന്‍പേ പനിയും ശ്വാസം മുട്ടും വന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ വാല്‍വിന് ദ്വാരമുള്ളതിനാല്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വിധിച്ചു. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയുടെ കനിവില്‍ 2012ല്‍ ശസ്ത്രക്രിയ നടന്നു. എന്നിരുന്നാലും പരിശോധനകള്‍ക്കും മരുന്നിനും യാത്രകള്‍ക്കുമായി നല്ലൊരു സംഖ്യ ചെലവായി. 2007ലാണ് രണ്ടാമത്തെ മകന്‍ പിറക്കുന്നത്. ഒരു മാസം കഴിയുമ്പോഴേക്കും കുട്ടിക്ക് മൂത്രതടസം അനുഭവപ്പെട്ടു. ജന്മനാ തന്നെ രണ്ട് വൃക്കകളും പ്രവര്‍ത്തനക്ഷമമല്ലെന്നും ഭാരിച്ച സാമ്പത്തികച്ചെലവ് വരുന്ന ചികിത്സ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നിട്ടും വിധി ഈ കുടുംബത്തിന് മേലുള്ള വിളയാട്ടം അവസാനിപ്പിച്ചില്ല. ഏഴു മാസം മുന്‍പ് സുധയ്ക്ക് അര്‍ബുദം പിടിപെട്ടു. അടിയന്തിര ശസ്ത്രക്രിയയിലൂടെ ഒരു മാറിടം നീക്കം ചെയ്തു. ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കീമോത്തെറാപ്പിയിലാണ് ഇവര്‍. ഇതോടെ രോഗികളായ മക്കളെ ആസ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യേണ്ട സുധയും ഏതാണ്ട് കിടപ്പിലായ അവസ്ഥയായി. 

 

സുധയുടെ ഭര്‍ത്താവ് പ്രേമശേഖരനാവട്ടെ വെരിക്കോസ് വെയിന്‍ മൂലം ബുദ്ധിമുട്ടുന്നു. കാലില്‍ ബാന്റേജ് വരിഞ്ഞുകെട്ടി ഹോട്ടല്‍ ജോലിക്ക് പോവുന്ന പ്രേമശേഖരന് കിട്ടുന്ന നാമമാത്രമായ തുകയാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. 

 

മക്കള്‍ക്ക് വിദഗ്ദ ചികിത്സ കൊടുക്കാനും കാന്‍സറിന് തുടര്‍ ചികിത്സക്കും  ഭാരിച്ച ചികിത്സാ ചെലവുകള്‍ ആവശ്യമായ ഈ കുടുംബത്തെ സഹായിക്കാന്‍ നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാമചന്ദ്രന്‍ ചെയര്‍മാനും, വി.പി.രാജന്‍ കണ്‍വീനറും പി.വി.വിജയന്‍ ട്രഷററുമായി വി.പി.സുധ കുടുംബചികിത്സാ സഹായസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂറ്റനാട് ബ്രാഞ്ചിലാണ് സമിതിയുടെ പേരില്‍ ആരംഭിച്ച ജോയിന്റ് അക്കൗണ്ട് (32935924332)