പരമ്പര നേട്ടത്തിന് പിന്നാലെ ന്യൂസിലാന്‍ഡിനോട് നാണംകെട്ട തോല്‍വി വഴങ്ങി ഇന്ത്യ. ആദ്യ മൂന്ന് ഏകദിനങ്ങളിലും ആതിഥേയരെ തറ പറ്റിച്ച ഇന്ത്യ നാലാം മത്സരത്തില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ചെറിയ വിജലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 212 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കി.
ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ് ന്യൂസിലാന്‍ഡിനെതിരെ ഇന്ന് വഴങ്ങിയത്. 2010ല്‍ ധാംബുള്ളയില്‍ ശ്രീലങ്കക്കെതിരെ 209 പന്തുകള്‍ ബാക്കി നില്‍ക്കെ തോറ്റതായിരുന്നു ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും കനത്ത തോല്‍വി.
ന്യൂസിലാന്‍ഡ് നിരയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ മാസ്മരിക ബോളിങ്ങാണ് ഇന്ത്യയെ നിഷ്പ്രഭമാക്കിയത്. ഇരുന്നൂറാം ഏകദിനം കളിക്കാനിറങ്ങിയ രോഹിത് ശര്‍മ ഏഴും, ശിഖര്‍ ധവാന്‍ 13 റണ്‍സെടുത്ത് പുറത്തായി. ഏകദിനമത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്ലിന് 9 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കും സംപൂജ്യരായി മടങ്ങിയപ്പോള്‍ കേദാര്‍ ജാദവും ഭുവനേശ്വര്‍ കുമാറും ഒരു റണ്ണെടുത്ത് മടങ്ങി. കുല്‍ദീപ് ജാവവ് 15 റണ്‍സെടുത്തു. 18 റണ്‍സെടുത്ത യുസ്വേന്ദ്ര ചഹലാണ് ഇന്ത്യന്‍ ടോപ്പര്‍.
മറുപടി ബാറ്റിങ്ങില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14), കെയ്ന്‍ വില്യന്‍സണ്‍ (11), എന്നിവര്‍ പുറത്തായെങ്കിലും ഹെന്റി നിക്കോള്‍സ് (42 പന്തില്‍ 30) റോസ് ടെയിലര്‍ (37) എന്നിവര്‍ കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.