ഗൗതം ഗംഭീര്‍ വിരമിച്ചു

Glint Staff
Wed, 05-12-2018 02:03:33 PM ;

Gautam Gambhir

ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. 14 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം പാഡഴിക്കുന്നത്. കരിയറില്‍ 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി 20-യും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2016-ല്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീര്‍ അവസാന രാജ്യാന്തര മത്സരം കളിച്ചത്.

 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായിരുന്നു ഗംഭീര്‍. 2003-ലാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 97 റണ്‍സെടുത്ത് ഇന്ത്യന്‍ കിരീടധാരണത്തില്‍ നിര്‍ണായക പങ്കുവച്ചത് ഗംഭീറായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പ് ഫൈനലിലും 75 റണ്‍സിന്റെ നിര്‍ണായക സംഭാവന നല്‍കിയതും ഗംഭീറായിരുന്നു. ഐ.പി.എല്ലില്‍ ഗംഭീറിന്റെ കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2012-ലും 2014-ലും ജേതാക്കളായി.

 

58 ടെസ്റ്റുകളില്‍ നിന്ന് 4154 റണ്‍സ് ഗംഭീര്‍ നേടിയിട്ടുണ്ട്. 9 സെഞ്ചുറിയും 22 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 147 ഏകദിന മത്സരങ്ങളില്‍ നിന്നായി 5238 റണ്‍സും നേടിയിട്ടുണ്ട്.

 

 

Tags: