ഈശോ ക്രൈസ്തവരെ അവഹേളിക്കുന്നത്; കുടിലനീക്കങ്ങള്‍ തടയാന്‍ അമിത് ഷായ്ക്ക് കത്ത് നല്‍കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Glint desk
Sun, 08-08-2021 07:07:39 PM ;

നടനും സംവിധായകനുമായ നാദിര്‍ഷയുടെ പുതിയ ചിത്രം ഈശോക്കെതിരെ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകള്‍ ഉള്ള സിനിമ ക്രൈസ്തവരെ അപമാനിക്കുന്നതാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. സര്‍ക്കാര്‍ സിനിമയ്ക്കെതിരെ നടപടിയെടുക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രസ്താവനയില്‍ പറയുന്നു. ഇത്തരം കുടില നീക്കങ്ങള്‍ അപലപനീയമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.

''ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ മതാന്ധതയും മതവൈരവും സൃഷ്ടിച്ച് മതവിശ്വാസത്തെയും വിശ്വാസികളുടെയും മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ ചെറുത്തു തോല്‍പ്പിക്കാന്‍ ബി.ഡി.ജെ.എസ് മുന്നിലുണ്ടാകും. വിശ്വാസികളെ അവഹേളിക്കുന്ന ചിത്രങ്ങള്‍ക്കെതിരെയും സാമൂഹിക വിപത്തിനെതിരെയും ശക്തമായി രംഗത്തിറങ്ങും, ക്രൈസ്തവ മൂല്യങ്ങളെ വിസ്മരിക്കാന്‍ ആര്‍ക്കും കഴിയില്ല. സമാധാനത്തിന്റെ വക്താവായി ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട യേശുദേവനെ അവഹേളിക്കുന്ന രീതിയിലാണ് ഇപ്പോഴുള്ള നീക്കങ്ങള്‍. ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്‍കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

നാദിര്‍ഷയുടെ സിനിമയ്ക്കെതിരെ നേരത്തെ മുന്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായ പി.സി ജോര്‍ജും രംഗത്തെത്തിയിരുന്നു.

Tags: