Skip to main content

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി എന്ന കല്യാണിമേനോന്‍ കലാലയ യുവജനോത്സവത്തിലൂടെയാണ് പാട്ടിലേക്കു വരുന്നത്. സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്.

1970 കളില്‍ ശാസ്ത്രീയ സംഗീത ലോകത്ത് തുടക്കം കുറിച്ച കല്യാണി പിന്നീട് സിനിമയില്‍ പിന്നണി ഗായികയായി. 1973 ല്‍ തോപ്പില്‍ ഭാസിയുടെ 'അബല'യില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്.1979 ല്‍ ശിവാജി ഗണേശന്റെ 'നല്ലതൊരു കുടുംബ'മെന്ന സിനിമയിലൂടെയാണ് തമിഴിലെ അരങ്ങേറ്റം. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആര്‍ റഹ്‌മാന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു.

അലൈപായുതേ എന്ന ചിത്രത്തില്‍ അലൈപായുതേ എന്ന ഗാനം ആലപിച്ചത് കല്യാണി മേനോനാണ്. കാതലന്‍ എന്ന ചിത്രത്തിലെ ഇന്ദിരയോ ഇവള്‍ സുന്ദരിയോ, വിണ്ണൈതാണ്ടി വരുവായയിലെ ഓമന പെണ്ണേ, 96 ലെ കാതലെ, കാതലെ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് അവര്‍ സംഗീത ലോകത്തിന് സമ്മാനിച്ചത്.