നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതാണോ ആ ശരിയായ തീരുമാനം; കുന്ദ്രയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി ട്രോളന്മാര്‍

Glint desk
Tue, 20-07-2021 06:59:39 PM ;

അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രചരിക്കുന്നു. രാജ് കുന്ദ്രയുടെ പഴയ ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാചകങ്ങളുമാണ് ട്രോളുകളില്‍ നിറയുന്നത്. 'ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് ജീവിതം' എന്നാണ് കുന്ദ്രയുടെ ട്വിറ്റര്‍ ബയോയില്‍ പറയുന്ന സന്ദേശം. നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതാണോ കുന്ദ്ര പറയുന്ന ആ ശരിയായ തീരുമാനമെന്ന് ട്രോളുകളില്‍ പറയുന്നു

നീലച്ചിത്രങ്ങളും ലൈംഗികത്തൊഴിലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള കുന്ദ്രയുടെ പഴയ ട്വീറ്റും ട്രോളന്മാര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. 'നീലച്ചിത്രങ്ങളും ലൈംഗികത്തൊഴിലും. ക്യാമറയിലൂടെയുള്ള ലൈംഗികതയ്ക്ക് പണം നല്‍കുന്നത് നിയമപരമാവുന്നത് എന്തുകൊണ്ട്? ഒരെണ്ണം മറ്റൊന്നില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?' 'ഇന്ത്യയില്‍ സിനിമ താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയം കളിക്കുന്നു, രാഷ്ട്രീയക്കാര്‍ നീലച്ചിത്രങ്ങള്‍ കാണുന്നു, നീലച്ചിത്ര താരങ്ങള്‍ സിനിമാ താരങ്ങളുമാകുന്നു..'.

അശ്ളീല ചിത്ര നിര്‍മ്മാണ റാക്കറ്റുമായി ബന്ധമുണ്ടന്ന തെളിവ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, അത് മൊബൈല്‍ ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തെന്നാണ് കുന്ദ്രയ്‌ക്കെതിരെയുള്ള കേസ്. ഫെബ്രുവരിയില്‍ മുംബൈ പോലീസ് അശ്ലീല ചിത്രം നിര്‍മ്മിക്കുന്ന ഒരു റാക്കറ്റിനെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും, ഇയാള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പോലീസ് പറയുന്നു. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്‌ക്കെതിരെ നേരത്തെയും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Tags: