Skip to main content

സര്‍ക്കാര്‍ ഇളവ് അനുവദിച്ചതോടെ കേരളത്തിന് പുറത്തേക്ക് മാറ്റിയ സിനിമാ ചിത്രീകരണം തിരിച്ചുവരുന്നു. തെലങ്കാനയില്‍ തുടങ്ങിയ മോഹന്‍ലാല്‍ നായകനായി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് രണ്ടാഴ്ചക്ക് ശേഷം സംസ്ഥാനത്തേക്ക് മാറ്റും. ജിത്തുജോസഫ് ചിത്രമായ ട്വല്‍ത്ത് മാന്റെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റി. തിയേറ്റര്‍ തുറക്കാനും അനുമതി നല്‍കണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടും കിട്ടാത്തതിനാല്‍ മലയാള സിനിമാ ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ച് എ, ബി വിഭാഗങ്ങളില്‍ ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ഷൂട്ടിംഗ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ തുടങ്ങിയ മോഹന്‍ലാല്‍-പ്രിഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം രണ്ടാഴ്ചക്ക് ശേഷം സംസ്ഥാനത്തേക്ക് മാറ്റും. തെലങ്കാനയിലേക്ക് മാറ്റാന്‍ തീരുമാനിച്ച മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാന്റെ ഷൂട്ടിംഗ് ഇവിടെ തന്നെ തുടങ്ങും.

ഷൂട്ടിംഗിനുള്ള അനുമതിയില്‍ സിനിമാ സംഘടനകള്‍ സന്തോഷിക്കുമ്പോഴും സിനിമകളുടെ തിയേറ്റര്‍ റിലീസിലുള്ള അനിശ്ചിതത്വം തുടരുകയാണ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ്. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് തിയേറ്റര്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് സംഘടനകളുടെ ആവശ്യം.