Skip to main content

ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അഭിനയ ജീവിതത്തിലുടനീളം അനശ്വരങ്ങളായ കഥാപാത്രങ്ങളായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. എണ്‍പതുകളില്‍ പ്രണയ നായകനില്‍ നിന്നും ആഴമുള്ള കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുവാന്‍ തുടങ്ങി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ് കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഉന്നതിയില്‍ എത്തിച്ചു.

1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശോഭിച്ച ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു. യൂസഫ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടനാണ് ദിലീപ് കുമാര്‍. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കാര്‍ഡും ദിലീപ് കുമാറിന് സ്വന്തം. 1991ല്‍ പത്മഭൂഷണും 2015ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 1994ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. പാകിസ്താന്‍ സര്‍ക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ -ഇ- ഇംതിയാസ് നല്‍കി 1997 ല്‍ അദ്ദേഹത്തെ ആദരിച്ചു.