നിങ്ങള്‍ക്ക് തെറ്റി; മോഹന്‍ലാലിന് അറുപതല്ല പ്രായം

Glint Desk
Thu, 21-05-2020 12:38:51 PM ;

ഒരു വ്യക്തിയുടെ പ്രതിഭയ്ക്ക് പ്രായമുണ്ടോ?   ഇല്ലെന്നതിനേറ്റവും മികച്ച ഉദാഹരണം ഇദ്ദേഹമാണ്, മോഹന്‍ലാല്‍. ഇന്ന് മോഹന്‍ലാലിന് അറുപത് തികയുകയാണ്. നാല്‍പത് വര്‍ഷമാകുന്നു മോഹന്‍ലാലെന്ന അഭിനയ പ്രതിഭയെ മലയാളി കാണാന്‍ തുടങ്ങിയിട്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തൊട്ട് ഇങ്ങ് മരയ്ക്കാര്‍ വരെ. അണിയറയില്‍ വേറെയും സിനിമകള്‍ ഒരുങ്ങുന്നു. തന്റെ ഇരുപതാം വയസ്സിലാണ് ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനാകുന്നത്. പിന്നീടങ്ങോട് മുന്നൂറ്റമ്പതോളം ചിത്രങ്ങള്‍. മലയാള സിനിമയുടെ നിലവാരത്തെ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഈ ചിത്രങ്ങള്‍ക്കുള്ളത്. സിനിമയെ മാത്രമല്ല സിനിമാസ്വാദകരെയും ലാല്‍ ഒരോ സിനിമയിലൂടെയും വേറെ തലത്തിലെത്തിച്ചു. നാട്ടിന്‍ പുറത്തെ പ്രാരാബ്ധക്കാരനായ ചെറുപ്പക്കാരന്റെ മുതല്‍ ചരിത്ര പുരഷന്റെ വേഷം വരെ ലാലിനെ തേടിയെത്തി. ഓരോ വേഷത്തിലും തന്റേതായ പ്രതിഭയെ വരച്ചിടാന്‍ മോഹന്‍ലാലിനായി. 1980 ല്‍ നിന്ന് 2020 തില്‍ എത്തിനില്‍ക്കുമ്പോള്‍  മലയാളിയുടെ ആസ്വാദന ഭാവുകത്വം എത്രമേല്‍ ഉയര്‍ന്നിട്ടുണ്ട്. അതില്‍ നിര്‍ണായക പങ്ക് മോഹന്‍ലാലിനുണ്ടെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. 

ആക്ഷന്‍ പറയുന്നതിന് മുമ്പുള്ള ലാലും പറഞ്ഞിതിന് ശേഷമുള്ള ലാലും തമ്മിലുള്ള വിത്യാസത്തില്‍ മിക്ക സംവിധായകരും വിസ്മയിച്ച് പോയിട്ടുണ്ട്. ലാലിനൊപ്പം അഭിനയിക്കുന്നത് പ്രത്യേക അനുഭവമാണെന്ന് എത്രയോ പേര്‍ പറഞ്ഞിട്ടുണ്ട്. അത് കേവലം ഭംഗിവാക്കല്ലെന്ന് സംവിധായകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് പലരും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒറ്റ മറുപടിയെ ലാലിനുണ്ടായിട്ടൂള്ളൂ. ' എനിക്കറിയില്ല, അതങ്ങനെ സംഭവിക്കുന്നതാണ്. അതിന് വേണ്ടി പ്രത്യേകിച്ചൊന്നും ഞാന്‍ ചെയ്യാറില്ല ' എന്ന്. പാടി അഭിനയിക്കുന്ന കാര്യത്തിലും മോഹന്‍ലാലിനെ വെല്ലാന്‍ ഇപ്പോള്‍ ആരുമില്ല. ഹരിമുരളീരവം തന്നെ ഉദാഹരണം. ആ സീന്‍ കാണുന്നവര്‍ക്ക് ലാല്‍ തന്നയല്ലേ പാടുന്നത് എന്ന് തോന്നിപ്പോകും. ഡാന്‍സിന്റെ കാര്യത്തില്‍ കമലദളം മാത്രമെടുത്ത് നോക്കിയാല്‍ മതി. ആക്ഷനിലേക്ക് വന്നാല്‍ അവിടെയും മോഹന്‍ലാല്‍ വേറിട്ട് നില്‍ക്കുന്നു. മംഗലശേരി നീലകണ്ഠനെയും, കാര്‍ത്തികേയനെയും ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല. പുലിമുരുകനിലെയും കായംകുളം കൊച്ചുണ്ണിയിലെയും പുറത്തിറങ്ങാനിരിക്കുന്ന മരയ്ക്കാറിലെയും പ്രകടനങ്ങള്‍ വേറെ. ഇവയെല്ലാം കൊണ്ട് മോഹന്‍ലാല്‍ മലയാള സിനിമയില്‍ ഒരു ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ചിട്ടുണ്ട്. പുതുതലമുറയിലെ താരങ്ങള്‍ അതിലേക്കെത്താന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ ഫലംകൂടിയാണ് മലയാളസിനിമയുടെ ഉയര്‍ച്ചയും. 

പലകാര്യങ്ങളിലും ലാലിനോട് എതിര്‍പ്പുള്ളവരുണ്ട്, പക്ഷേ അഭിനയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. 2020 മെയ് 21 ന് മോഹന്‍ലാല്‍ എന്ന വ്യക്തിക്കാണ് അറുപത് വയസ്സ് തികയുന്നത്. അദ്ദേഹത്തിലെ അഭിനേതാവിപ്പോഴും യൗവ്വനത്തില്‍ തന്നെയാണ്. ആ നടനിലൂടെ ഇനിയും ഒരുപിടി വിസ്മയങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും.

Tags: