അനുശ്രീയെ മാതൃകയാക്കണം; സഹതാരത്തെ സഹായിക്കുന്ന വീഡിയോ വൈറല്‍

Glint staff
Sat, 24-03-2018 01:27:22 PM ;

 anusree-autorsha

അനുശ്രീയെ കണ്ടുപഠിക്കണമെന്ന് സംവിധായകന്‍ സുജിത്ത് വാസുദേവ്. ഷൂട്ടിംഗിനിടെ സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ  വീഡിയോ ഫെയ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് താരത്തെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് സുജിത്ത് വാസുദേവ് പറഞ്ഞിരിക്കുന്നത്. ഓട്ടര്‍ഷ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം ഉണ്ടായത്.

 

സുജിത്ത് വാസുദേവിന്റെ വാക്കുകള്‍

'നമുക്ക് ഒപ്പമുള്ളവരെ സഹായിക്കാന്‍ ആകുന്നത് മികച്ചൊരു വ്യക്തിത്വത്തിന് ഉടമകളായവര്‍ക്കേ സാധിക്കൂ. ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഈ പെണ്‍കുട്ടി തന്റെ സഹതാരത്തെ സഹായിക്കുന്നത് കാണുമ്പോള്‍ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇതുപോലെ ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനുശ്രീയോട് എനിക്ക് ബഹുമാനം.'

 

അനുശ്രീയെ പ്രധാനകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ഓട്ടര്‍ഷ. ജെയിംസ് ആന്‍ഡ് ആലിസിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഓട്ടോ ഡ്രൈവറായാണ് സിനിമയില്‍ അനുശ്രീ എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം തുടങ്ങി. ചിത്രത്തിനായി ഓട്ടോ ഓടിക്കാന്‍ അനുശ്രീ പ്രത്യേകപരിശീലനം നേടിയിരുന്നു.

 

അനുശ്രീയുടെ കഥാപാത്രമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ.സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക.മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

Tags: