മാധ്യമങ്ങള്‍ ഒരുക്കുന്ന മറ സിനിമക്കാര്‍ക്ക് സൗകര്യമാകുന്നു

Glint staff
Tue, 11-07-2017 05:44:19 PM ;

adv ram kumar

അഡ്വ. രാം കുമാര്‍ നടന്‍ ദിലീപിന്റെ കേസ് ഏറ്റെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ്സ് കോടതിയിലെത്തുമ്പോള്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. സാമൂഹികമായ കാഴ്ചപ്പട് സാംസ്‌കാരികമായി വ്യക്തിയെന്ന നിലയില്‍ പൊതു വീക്ഷണത്തെ സ്വാധീനിച്ചിട്ടില്ലാത്ത അഭിഭാഷകനാണ് അഡ്വ.രാംകുമാര്‍.  സ്വീകരിക്കുന്ന നിലപാടുകള്‍ക്കനുസൃതമായി നിയമത്തിന്റെ സൂക്ഷമ വശങ്ങള്‍ കോടതിയിലെന്ന പോലെ മാധ്യമങ്ങളിലും അവതരിപ്പിക്കാന്‍ വിദഗ്ധനാണ് അദ്ദേഹം. എന്നാല്‍ നിക്ഷ്പക്ഷമായ നിയമ വിദഗ്ധന്‍ എന്ന നിലയിലാണ് മാധ്യമങ്ങള്‍ അദ്ദേഹത്തെ ചില വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താറുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഹൈക്കോടതി അഭിഭാഷകര്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് തിരിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സാമൂഹിക വീക്ഷണം വളരെ സങ്കുചിതവും നിക്ഷിപ്ത താല്‍പ്പര്യങ്ങളാല്‍ നിയന്ത്രിതവുമാണെന്ന് പ്രത്യക്ഷത്തില്‍ ബോധ്യമായി.
              

ഏറ്റെടുക്കുന്ന കേസുകള്‍ വിജയിപ്പിക്കുന്ന അഭിഭാഷകനാണ് രാംകുമാര്‍. ഇവിടെയാണ് മാധ്യമങ്ങളുടെ ശ്രദ്ധ ഉണ്ടാകേണ്ടത്. അദ്ദേഹം ഏറ്റെടുത്ത കേസ്സുകള്‍ ഏതൊക്കെ എന്ന് അദ്ദേഹത്തെ ജനസമക്ഷം അവതരിപ്പിക്കുമ്പോള്‍ അറിയേണ്ടതാണ്. അവിടെയാണ് മാധ്യമ ഉത്തരവാദിത്വം ഉണ്ടാകേണ്ടത്. എന്നാല്‍ കേസ്സകളിലെ വിജയം മാത്രമാണ് വൈദഗ്ധ്യത്തിന്റെ മാനദണ്ഡമായി മാധ്യമങ്ങള്‍ കണ്ടിരുന്നുള്ളു. റേറ്റിംഗ് വര്‍ധിപ്പിക്കലിന്റെ കാലത്ത് മാധ്യമ ഉത്തരവാദിത്വം എന്ന വാക്കു പോലും അപ്രസക്തമാണെന്ന് വന്നേക്കാം. നടി കൊച്ചിയില്‍ ആക്രമിക്കപ്പെടും വരെ നടന്‍ ദിലീപ് വിജയത്തിന്റെ ഉദാഹരണമായിരുന്നു. അതൊരു പാഠം തുറന്നു വയ്ക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കും ആ പാഠം അത്യധികം പ്രസക്തമാണ്.
        
 

മാധ്യമങ്ങളുടെ ഉത്തരവാദിത്വം എത്രമാത്രം സൂക്ഷ്മത വേണ്ടതാണെന്നും ആ സൂക്ഷ്മത സാമൂഹികമായി എത്ര നിര്‍ണ്ണായകമാകുന്നുവെന്നും സൂചിപ്പിക്കാനാണ് അഡ്വ.രാംകുമാറിന്റെ ഉദാഹരണം സൂചിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനോടു പൊരുത്തപ്പെടുന്ന സാമൂഹിക വീക്ഷണം പരസ്യമായി പുലര്‍ത്തുന്ന നിയമപണ്ഡിതനെയാകണം പണ്ഡിതനായി മാധ്യമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കേണ്ടത്. അത്തരം വ്യക്തികളുടെ അഭിപ്രായങ്ങളിലൂടെ പ്രകടമാകുന്ന വിവിധ വശങ്ങളും ചിന്താശകലങ്ങളുമാണ് സമൂഹത്തെ ജനായത്തത്തിന്റെ പാതയിലൂടെ മുന്നേറുവാന്‍ സഹായിക്കുക.
         

നടിയെ ആക്രമിച്ച കേസ്സില്‍ ചിലപ്പോള്‍ ദിലീപ് നിരപരാധിയായിരിക്കാം. അത് കോടതി നിശ്ചയിക്കേണ്ട വിഷയം.എന്നാല്‍ ദിലീപിനെപ്പോലെ ജനങ്ങളുടെ മനസ്സിലും മുന്നിലും ജീവിച്ച ഒരു വ്യക്തി ഇവ്വിധം എങ്ങനെ ഇത്തരത്തിലൊരു കേസ്സില്‍ അറസ്റ്റിലായി.അതിനുത്തരവാദി മാധ്യമങ്ങള്‍ കൂടിയാണ്. ഒരു പക്ഷേ ആ സാമൂഹികാവസ്ഥ സൃഷ്ടമാകുന്നതില്‍ ഒന്നാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മാധ്യമങ്ങളാണ്. ആ ബോധത്തിലേക്ക് കേരളത്തിലെ മാധ്യമങ്ങള്‍ തിരിയുന്നതിന്റെ ലക്ഷണങ്ങള്‍ കാണന്നതുമില്ല.
         

കേരളത്തില്‍ പൈങ്കിളി മാധ്യമ പ്രവര്‍ത്തനമാണ് ഇന്ന് മുഖ്യധാരയിലുള്ളത്. ലോലമായ വൈകാരികതകളുടെ വരമ്പുകളിലൂടെ വായനക്കാരേയും പ്രേക്ഷകരേയും നടത്തുക. അതിലൂടെ കമ്പോളത്തില്‍ നിന്ന് പരമാവധി വായനക്കാരെ, അല്ലെങ്കില്‍ പ്രേക്ഷകരെ ഉണ്ടാക്കുന്നതിലൂടെ ലാഭത്തോത് കൂട്ടുക. ഇതാണ് പൈങ്കിളി മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. ആ സുഖിപ്പിക്കല്‍ പ്രക്രിയയില്‍ എന്തിനും ഏതിനും സിനിമാ താരങ്ങളെ എഴുന്നളളിക്കുക.ചാനലുകളേക്കാള്‍ ഛര്‍ദ്ദില്‍ വരുന്ന വിധമാണ് പത്രങ്ങള്‍ താര വിവരണങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്. മരം നടീലായാലും ജൈവ കൃഷിയാലും താരങ്ങള്‍ വേണം. അപ്രാപ്യമായതിനെ ഞങ്ങള്‍ ഞങ്ങളുടെ പ്രേക്ഷകരിലേക്ക്, വായനക്കാരിലേക്ക് എത്തിക്കുന്നതെന്ന പ്രതീതി ഉണര്‍ത്തും വിധമായിരിക്കും അവതരിപ്പിക്കുക. എഴുതുന്നതും അവതരിപ്പിക്കുന്നവരും മനുഷ്യരാണ് എന്ന സ്വയം ബഹുമാനം പോലുമില്ലാതെയാണ് ഇവരെക്കുറിച്ചുള്ള ഓരോന്നും എഴുതുന്നതും പറയുന്നതും. ' ഞാന്‍ ............... ന്റെ കയ്യിലൊന്നു തൊട്ടു നോക്കി, മനുഷ്യന്‍ തന്നെയാണോ എന്നറിയാന്‍ '' ഒരു പ്രമുഖ പത്രത്തില്‍ പ്രമുഖ താരത്തെ കുറിച്ചുള്ള എഴുത്തിലെ വാചകമായിരുന്നു ഇത്.
                 

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ തലേന്ന് ഇടവേളക്ക് പോകും മുന്‍പ് ആകാംഷ ഉണര്‍ത്തിക്കൊണ്ടായിരുന്നു ഒരു ചാനല്‍,കൊച്ചി മെട്രോയെ അടുത്തു കാണാന്‍ ഒരു അപ്രതീക്ഷിത അതിഥിയെത്തി എന്നായിരുന്നു അറിയിപ്പ്. ഇടവേള  കഴിഞ്ഞപ്പോള്‍ ആലുവാ സ്റ്റേഷന്റെ പുറത്ത് ദിലീപ്. പെട്ടന്നു ദിലീപിനെ കാണുന്ന പോലെ ചില ഉണ്ടാക്കി ചോദ്യങ്ങളും . മിക്കവാറും ദിലീപ് തന്നെ ഒപ്പിച്ചതാകാനാണിട. കാരണം സിനിമാക്കാര്‍ക്കുമറിയാം മാധ്യമങ്ങള്‍ക്ക് തങ്ങളെ ആവശ്യമുണ്ടെന്ന്. അതേ പോലെ പൊതു ആലോഷങ്ങള്‍ എത്തിയാല്‍ പിന്നെ മുഴുവന്‍ സിനിമാക്കാര്‍ . മാധ്യമ ലാഭത്തിന് തങ്ങളുടെ ആശ്രിതത്വം വേണം എന്നുള്ളത് സിനിമാ മേഖലയിലുള്ളവര്‍ക്ക് എന്തും ഏതും കാട്ടിക്കൂട്ടുന്നതിന് ഉഗ്രന്‍ മറകള്‍ ഉണ്ടാക്കിക്കൊടുത്തു .കുറ്റകൃത്യങ്ങളിലും ആശാസ്യമല്ലാത്ത കാര്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കും നല്ല കട്ടിയുള്ള സാമൂഹ്യ പ്രതിരോധശേഷിയുടെ മറ ഈ മാധ്യമ രീതി ഒരുക്കി.  ആ മറയത്ത് ചെയ്തു ശീലമായതിന്റെ പ്രതിഫലനമാണ് ചരിത്രക്കുപ്രസിദ്ധമായ അമ്മ പത്ര സമ്മേളനം.മാധ്യമ ആശ്രിതത്വം അവരില്‍ ഉണ്ടാക്കിയ ബഹുമാനമില്ലായ്മയാണ് അധികം മിണ്ടുകയും ഒട്ടും മിണ്ടാതിരിക്കുകയും ചെയ്ത നടന്മാരില്‍ നിന്നുണ്ടായത്.
         

അന്വേഷണാത്മകം പോകട്ടെ, വെറും മാധ്യമ പ്രവര്‍ത്തനമെങ്കിലും കേരളത്തിലുണ്ടായിരുന്നെങ്കില്‍ ഇത്രയും നികൃഷ്ടമായ വിധം കുറ്റകൃത്യങ്ങള്‍ മലയാള സിനിമയിലൂടെ കേരള സമൂഹത്തിലുണ്ടാകില്ലായിരുന്നു. അന്തരിച്ച തിലകനും മറ്റും വിളിച്ചു പറഞ്ഞ കാര്യങ്ങളിലേക്ക് ചെറുനോട്ടം പോലും നടത്താന്‍ കേരളത്തിലെ ഒരു മാധ്യമവും തയ്യാറായില്ല. മറിച്ച് അമ്മയുടെയും മറ്റും യോഗങ്ങള്‍ നടക്കുമ്പോള്‍ ആര്‍ത്തി പിടിച്ച ഭിക്ഷക്കാരെപ്പോലെ കാത്തു കിടന്ന് അരോചകത്വം പ്രകടിപ്പിച്ച് അവര്‍ പറയുന്നത് മറു ചോദ്യം പോലുമില്ലാതെ സ്വീകരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തിരുന്നത്. അവരോട് എങ്ങനെ കുറ്റവാസനയുള്ള താരങ്ങള്‍ക്ക് ബഹുമാനമുണ്ടാവും. അവരെ കാണുമ്പോള്‍ അവരിലൂടെ എങ്ങനെ ഈ താരങ്ങള്‍ക്ക് ജനത്തെ കാണാന്‍ കഴിയും. പുച്ഛം സ്വാഭാവികം.
        

സിനിമാ താരങ്ങള്‍ വെട്ടിപ്പും തട്ടിപ്പുമുള്‍പ്പടെയുള്ളവയില്‍ പെട്ടാലും മാധ്യമങ്ങള്‍ക്ക് പലപ്പോഴും അതു വാര്‍ത്തയല്ല. താമസിയാതെ ഈ താരങ്ങള്‍ തന്നെ അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന സന്ദര്‍ഭമുണ്ടാക്കും. ചില മാധ്യമങ്ങള്‍ താരങ്ങളുടെ പ്രതിഛായ വര്‍ധിപ്പിക്കാനായി അങ്ങോട്ടു സമീപിക്കും. കാരണം ആ താരത്തെ ഭാവിയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയും. ഇതു കാരണം സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും തങ്ങള്‍ക്ക് അഭിപ്രായം പറയാമെന്ന ആത്മവിശ്വാസവും ഇവര്‍ക്കുണ്ടായി. അതു പ്രാദേശികമാകട്ടെ, ആഗോളമായിക്കൊള്ളട്ടെ.
         

ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹം ഇപ്പോള്‍ അറസ്റ്റിലായതില്‍ മുഖ്യപങ്ക് മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍ അവിടെയും പ്രകടമാകുന്നത് അപരിഷ്‌കൃതനായ വ്യക്തിയുടെ കാഴ്ചപ്പാടുകളൂം സമീപനങ്ങളുമാണ്. ഇങ്ങോട്ട് പേദനിപ്പിക്കുന്നവരെ തിരിച്ച് വേദനിപ്പിച്ച് അതിലൂടെ തന്റെ വേദനയക്ക് ശമനമുണ്ടാകുക. ഇതാണ് അപരിഷ്‌കൃതനായ വ്യക്തിയെ നയിക്കുന്ന വികാരം. അത് അയാളുടെ വ്യക്തിത്വത്തിന്റെ സമീപനം അഥവാ കാഴ്ചപ്പാടാകുന്നു. ഇതാണ് എല്ലാ ആക്രമണങ്ങളുടെയും ആധാരമായി പ്രവര്‍ത്തിക്കുന്നത്.പോലീസ് ദിലീപിന്റെ കാര്യത്തില്‍ കണ്ടെത്തിയിരിക്കുന്നതും ഇത്തരം വേദനയും പിരോധവുമാണ്. ഈ വികാരത്തില്‍ നിന്നും വ്യക്തിയും സമൂഹവും അകലുന്നുവോ അതനുസരിച്ചാണ് സംസ്‌കാരം വ്യക്തിയിലും സമൂഹത്തിലും സംഭവിക്കന്നത്. എന്നാല്‍  അതിനു വിപരീത ദിശയിലേക്കാണ് മാധ്യമങ്ങള്‍ നീങ്ങുന്നത്.
         

ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ കുറേയൊക്കെ അടിച്ചു തകര്‍ക്കപ്പെട്ടു. അതിനെ പ്രോത്സാഹിപ്പിക്കുന്ന വിധമായി  അവയെക്കുറിച്ചുള്ള ചാനല്‍ റിപ്പോര്‍ട്ടിംഗ് . അത്തരത്തില്‍ അക്രമം നടത്തണമെങ്കില്‍ കുറ്റവാസന ആളിക്കത്തി നില്‍ക്കുന്ന മനസ്സുകള്‍ക്കേ പറ്റുകയുള്ളു. നടി രഹസ്യമായി ആക്രമിക്കപ്പെട്ടു. ദിലീപിന്റെ സ്ഥാപനങ്ങള്‍ പരസ്യമായി ആക്രമിക്കപ്പെട്ടു. കുറ്റകൃത്യ പ്രവണത സമൂഹത്തില്‍ വര്‍ധിക്കുന്നതാണ് നടി ആക്രമിക്കപ്പെട്ടതു പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങളിലൂടെ സംഭവിക്കുന്നതും അതാണെന്ന് ഏതെങ്കിലുമൊരു ചാനല്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ആര്‍ജ്ജവം കാട്ടിയിരുന്നെങ്കില്‍ അത് സാമൂഹികമായി നിര്‍വ്വഹിക്കുമായിരുന്ന പങ്ക് വളരെ വലുതാകുമായിരുന്നു. പക്ഷേ, അതിന് അപരിഷ്‌കൃത മനുഷ്യന്റെ മാനസിക ഘടനയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പുറത്തു വരാതെ പറ്റില്ല. ഇത്തരം അക്രമ പ്രോത്സാഹന റിപ്പോര്‍ട്ടിംഗ് രീതി പ്രേക്ഷകരിലേക്കും അപരിഷ്‌കൃതത്വം നിക്ഷേപിക്കുകയും ഉള്ളതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടത് മാധ്യമങ്ങളുടെ ശക്തി തന്നെ. എന്നാല്‍ ആ ശക്തി ജനങ്ങളുടേതാണെന്ന് തിരിച്ചറിയുന്ന നിമിഷം മാധ്യമങ്ങള്‍ക്ക് സൂക്ഷ്മതയും ഉത്തരവാദിത്വവും കൈവരും.

 

Tags: