ജെല്ലിക്കെട്ടിന്റെ ആരവത്തില്‍

സോമന്‍ എന്‍.പി.
Fri, 17-01-2014 03:00:00 PM ;

 

പൊങ്കലോ... പൊങ്കൽ. വിളവെടുപ്പിന്റെ ആഘോഷം വിളിച്ചോതി തമിഴ്‌നാട് തൈപ്പൊങ്കൽ ആഘോഷിക്കുന്നു. മാര്‍ഗഴി മാസത്തിന്റെ അവസാന ദിവസവും തൈ മാസത്തിലെ ആദ്യ മൂന്ന്‍ ദിവസവുമാണ് തമിഴ്‌ സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും ഗതകാല സ്മരണകൾ ഉണർത്തുന്ന ഈ കാർഷികോൽസവം. പൊങ്കലിന്റെ ഭാഗമായി നടത്തുന്ന ബോഗിയും സൂര്യപ്പൊങ്കലും മാട്ടുപ്പൊങ്കലും, ജെല്ലിക്കെട്ടും എല്ലാം ഇന്നും അതിന്റെ തനിമ നഷ്ടപ്പെടാതെ തമിഴ്‌നാട്ടിൽ ആഘോഷിക്കപ്പെടുന്നു.

 

എന്താണീ ജെല്ലിക്കെട്ട്‌?

 

ദ്രവീഡിയൻ സംസ്കാരത്തിന്റേയും തമിഴ്‌ വീര്യത്തിന്റേയും കഥകൾ വിളിച്ചോതുന്ന തമിഴ്‌നാടൻ ഗ്രാമങ്ങൾ. സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് പേരുകേട്ട ഈ ദ്രവീഡിയൻ ഗ്രാമങ്ങളിൽ അവരുടെ സ്ഥാനം വളരെ ഉയർന്നതായിരുന്നു. അതിനുദാഹരണമാണല്ലോ ചെറിയ പെൺകുട്ടികളെ പോലും 'അമ്മ' എന്നു അഭിസംബോധന ചെയ്യാറുള്ളത്.

 

പ്രാചീന കാലത്ത്‌ മാതാപിതാക്കൾ തങ്ങളുടെ പെണ്‍മക്കൾക്ക്‌ അനുയോജ്യനായ വരനെ കണ്ടുപിടിക്കുന്നത്‌ ഇന്നത്തെ പോലെ വിദ്യാഭാസം, പദവി, ഉദ്യോഗം എന്നിവ നോക്കി അല്ലായിരുന്നു. ആരോഗ്യവാനും, ധൈര്യശാലിയുമായ വരനെ കണ്ടെത്താൻ അവർ അവലംബിച്ചിരുന്ന രീതി വളരെ കൗതുകമുള്ളതായിരുന്നു. പുരാണങ്ങളിൽ നമ്മൾ കേട്ടിട്ടുള്ള സ്വയംവരങ്ങളോട്‌ ഏകദേശം സാമ്യമുള്ളതാണ് ഒരുകാലത്തു നിലനിന്നിരുന്ന ആചാര രീതി. ഓരോ ഗ്രാമത്തിലും 'ഇളവട്ടക്കല്ല്' എന്ന പേരിൽ ഒരു ഭീമാകാരനായ കല്ല് സ്ഥാപിക്കും. ഗ്രാമത്തിലെ പെൺകുട്ടികളെ വിവാഹം കഴിക്കുന്നതിനു മുൻപു പ്രതിശ്രുത വരൻ ഈ കല്ല് തോളോളം ഉയർത്തി പിൻഭാഗത്തേക്ക് എറിയണം. ഇതിൽ വിജയിക്കുന്നവർക്ക്‌ മാത്രമേ ആ ഗ്രാമത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യാൻ സാധിക്കുകയുള്ളൂ. വീരനും, ബലവാനും ആയ പുരുഷന്മാരെ കണ്ടെത്താനുള്ള ഈ ഇളവട്ടക്കല്ല് ഇപ്പോഴും തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ദൃശ്യമാണ്.

 

മഞ്ജുവിരട്ട്‌ എന്ന പേരിൽ അറിയപ്പെടുന്ന ജെല്ലിക്കെട്ട് ധൈര്യശാലികളും വീരന്മാരുമായ യുവാക്കളെ കണ്ടെത്താൻ ഉള്ള വിനോദമായി പരിണമിച്ചെങ്കിലും ആദ്യകാലങ്ങളിൽ തനിക്കിഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ഒരു വീരവിളയാട്ടായാണ് അറിയപ്പെട്ടിരുന്നത്‌. പൊങ്കൽ അഘോഷങ്ങളുടെ അവസാന ദിനമായ മാട്ടുപ്പൊങ്കൽ ദിവസത്തിലാണ് സാധാരണ ജെല്ലിക്കെട്ട് ആരംഭിക്കുന്നത്‌. ഇത് പിന്നെ ജൂലൈ വരെ പല ഭാഗങ്ങളിലും അരങ്ങേറും.

 

കഴിഞ്ഞ 400 വർഷങ്ങളായി നടക്കുന്ന ജെല്ലിക്കെട്ടുകളില്‍ മധുര, പാളമേട്‌, അളകനല്ലൂർ എന്നിവടങ്ങളിൽ നടക്കുന്ന ജെല്ലിക്കെട്ട്‌ ലോകശ്രദ്ധ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്‌. ജെല്ലിക്കെട്ടിനായി പുലികുലം വർഗ്ഗത്തിൽ പെട്ട കാളകളെയാണ് തിരഞ്ഞെടുക്കുന്നത്‌. ആകാരത്തിലും മറ്റും വ്യത്യസ്തത പുലർത്തുന്ന ഈ കാളക്കൂറ്റന്മാരും വളരെ  ധൈര്യശാലികളാണ്.

 

രീതിയിലും നടത്തിപ്പിന്റെയും വ്യത്യസ്തതയിലും ജെല്ലിക്കെട്ടുകളെ മൂന്നായി തരംതിരിക്കാം.

 

വടി മഞ്ജുവിരട്ട്‌

ഈ രീതിയിലുള്ള ജെല്ലിക്കെട്ട്‌ മധുരയിലെ പാളമേട്‌, തിരുച്ചിറപ്പള്ളി, പുതുക്കോട്ട, ദിണ്ടിഗല്‍ എന്നീ  പ്രദേശങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്‌. ഈ രീതിയനുസരിച്ച്‌ കാളയെ മുൻവശത്തെ വഴിയിലൂടെ (തിട്ടിവാസൽ അഥവാ വടിവാസലിലൂടെ) മത്സര വേദിയിലേക്ക്‌ ഇറക്കിവിടുന്നു. ഈ കാളക്കൂറ്റന്റെ  ഉപ്പൂടി (Hump) യിൽ  പിടിച്ച് പിടിവിടാതെ വീരറുകള്‍ (മത്സരാര്‍ഥി) 100 മുതൽ 200 മീറ്റര്‍ വരെ ഓടണം. ഈ സമയത്ത് ഉപ്പൂടിയിൽ നിന്ന് പിടിവിടുകയോ കാള ചുഴറ്റി എറിയുകയോ ചെയ്യുകയാണെങ്കിൽ കാള വിജയിക്കുകയും മത്സരത്തിൽ പങ്കെടുത്ത വീരൻ തോൽക്കുകയും ചെയ്യുന്നു. മല്ലന്മാരെപ്പോലും തോൽപ്പിക്കാൻ കഴിവുള്ള ഈ കാളകൾക്ക്‌ പ്രത്യേകം പരിശീലനം നൽകിയാണ് വേദിയിലേക്ക്‌ ആനയിക്കുന്നത്.

 

വേലിവിരട്ട്‌

ഈ രീതി കണ്ടുവരുന്നത്‌ ശിവഗംഗ, മധുര ജില്ലകളിലാണ്. തനി നാടൻ രീതിയായാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിൽ കാളക്കൂറ്റനെ മത്സരവേദിയിലേക്ക്‌ അഴിച്ചുവിടുന്നു. മത്സരവേദിയിൽ യഥേഷ്ടം സഞ്ചരിക്കുന്ന ഈ കാളക്കൂറ്റനെ കീഴ്പ്പെടുത്തി മത്സരാർത്ഥി വിജയിക്കേണ്ടതാണ്. ഇതു തീർത്തും അപകടകരമായ രീതിയായി പറയപ്പെടുന്നു .

 

വടം മഞ്ജുവിരട്ട്‌

 

വടം എന്നാൽ തമിഴിൽ കയർ എന്നാണ് അർത്ഥം. ഈ രീതി അനുസരിച്ച്‌ കാളയെ ഉദ്ദേശം 15 മീറ്റര്‍ നീളമുള്ള കയറില്‍ ബന്ധിക്കുന്നു. ഈ 15 മീറ്റര്‍ ചുറ്റളവില്‍ കാളയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന ഈ മത്സരത്തിൽ ഏഴു മുതൽ ഒന്‍പത് വരെയുള്ള മത്സരാർത്ഥികൾ 30 മിനിറ്റുകൾക്കുള്ളിൽ കാളയെ കീഴ്പ്പെടുത്തണം. ഏറ്റവും സുരക്ഷിതമായ രീതിയായാണ് ഇത്‌ അറിയപ്പെടുന്നത്‌.

 

കാളക്കുട്ടികളുടെ പരിശീലനം

 

ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്ന കാളകള്‍ക്ക് പോഷകാഹാരങ്ങളും  ധാന്യദ്രവ്യങ്ങളും കൊടുത്ത്‌ വളരെ ആരോഗ്യത്തോടെയാണ് വളർത്തിയെടുക്കുന്നത്‌. ഈ കാളകളെ  നടത്തിയും നീന്തൽ പരിശീലിപ്പിച്ചും ജെല്ലിക്കെട്ടിനായി തയ്യാറെടുപ്പിക്കുന്നു. അമ്പലക്കാളകളുടെ ഗാംഭീര്യമുള്ള ഇവയ്ക്ക്‌ കൃഷിയിടങ്ങളിൽ പോലും യഥേഷ്ടം മേയുവാനുള്ള അനുമതിയുണ്ട്‌. ഇങ്ങനെ വളർത്തിയെടുക്കുന്ന കാളക്കൂറ്റന്മാരെ നാട്ടുപ്രമാണികളുടെ തോട്ടങ്ങളിൽ മണ്ണുകൾ നിറച്ച ചാക്കുകൾ ഇട്ട്‌ കീഴെ വീണുപോകുന്ന മല്ലന്മാരെ കുത്തിമലർത്താനുമുള്ള പരിശീലനം കൂടി നൽകുന്നു.

 

ധാരാളം മരണങ്ങള്‍ക്കും അപകടങ്ങൾക്കും കാരണമാകുന്ന ജെല്ലിക്കെട്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ചില സന്നദ്ധ സംഘടനകൾ നടത്തി വരുന്ന സമരങ്ങൾ കാരണം ജെല്ലിക്കെട്ടിന്റെ നടത്തിപ്പ് ഒരു ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്. മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ഈ വിനോദം നിർത്തലാക്കണമെന്ന ആവശ്യമായി ബ്ലൂ ക്രോസ് തുടങ്ങിയ സംഘടനകൾ രംഗത്തുവന്നതിനാൽ 2006-ൽ തമിഴ്‌നാട്ടിൽ രണ്ടായിരത്തോളം ഇടങ്ങളിൽ സംഘടിപ്പിച്ചിരുന്ന ജെല്ലിക്കെട്ട്‌  ഇപ്പോൾ 13 സ്ഥലത്തേക്ക് ചുരുങ്ങിയിരിക്കുന്നു.

 

തമിഴ്‌ സംസ്കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിന്റെ സുഗമമായ നടത്തിപ്പിനായി തമിഴ്‌നാട്‌ സർക്കാർ 2009-ൽ "ജെല്ലിക്കെട്ട് നിയന്ത്രണ നിയമം തന്നെ പാസാക്കി. ഇതിന്‍ പ്രകാരമുള്ള നിബന്ധനകളോടെ നടത്തപ്പെടുന്നതിനാല്‍ ജെല്ലിക്കെട്ട് അപകടങ്ങള്‍ ഒരു പരിധിവരെ കുറക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികാരികൾ അവകാശപ്പെടുന്നു.

 

നിബന്ധനകൾ

 

1. ജെല്ലിക്കെട്ടിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേടണം.

2. രണ്ട് ലക്ഷം രൂപ ഫീസായി സംഘാടകർ ജില്ലാ ഭരണകൂടത്തിൽ അടക്കേണ്ടതാണ്.

3. വീരരും കാളകളും എറ്റുമുട്ടുന്ന വേദിയുടെ ദൈർഘ്യം 60 അടിയിൽ കുറയരുത്‌.

4. പ്രവേശന കവാടത്തിൽ നിന്നും (വടിവാസൽ) വേദിയിലേക്ക്‌ വേലി നിർമ്മിച്ചു കാണികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതാണ്.

5. കാളകൾക്ക്‌ ലഹരി വസ്തുക്കൾ കൊടുക്കരുത്‌.

6. കാളയുടെ ഉപ്പൂടിയിൽ എണ്ണ തേക്കരുത്‌.

7. കാളകളുടെ കൊമ്പുകളുടെ മൂർച്ച പൂർണ്ണമായും ഇല്ലാതാക്കണം.  

8. കാളകൾ ആരോഗ്യവാന്മാരാണെന്ന് മൃഗഡോക്ടറുടെ സാക്ഷ്യപത്രം ലഭിച്ചിരിക്കണം.

9. ഒന്നില്‍ കൂടുതൽ കാളകളെ ഒരേ സമയം വേദിയിൽ അനുവദിക്കരുത്‌.

10. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വീരന്മാർ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളു.

11. മത്സരാർത്ഥികൾ പൂർണ്ണ ആരോഗ്യവാന്മാരാണെന്നും ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടില്ല എന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

12. മത്സരവേദിയിൽ ഒരു സംഘം ഡോക്ടർമാരും ആംബുലൻസുകളും തയ്യറായിരിക്കണം

 

ദ്രവീഡിയൻ സംസ്ക്കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട്‌ ഒരു ചൂതാട്ടമൊന്നുമല്ലെന്നും തികച്ചും പരമ്പരാഗതമായ രീതിയിൽ നടത്തുന്ന ഒരു വിനോദം മാത്രമാണെന്നുമാണ് സംഘാടകരുടെ വാദം. എന്നാൽ ഇതു നാടിന്റെ സംസ്കാരത്തിന്റെ ഭാഗമോ, അതല്ല ഒരു ക്രൂരമായ വിനോദമോ എന്ന്‍ പൊതുജനങ്ങളുടെ വിലയിരുത്തല്‍ ആണ് ഇതിന്റെ നിലനില്‍പ്പില്‍ പ്രധാനമാകുക.

Tags: