വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി

Glint desk
Tue, 26-01-2021 12:11:51 PM ;

വളരെയധികം ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കു വഴിവെച്ച ഒന്നാണ് വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം. പുതിയ സ്വകാര്യതാ നയം വഴി ഇന്ത്യക്കാരോട് വാട്സാപ് കാണിക്കുന്നത് തിരിച്ചുവ്യത്യാസമാണെന്നും ഇത് ആശങ്കാജനകമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. യൂറോപ്പിലും ഇന്ത്യയിലും വയ്ത്യസ്തമായ നയങ്ങളാണ് കൊണ്ടു വന്നിരിക്കുന്നതെന്നും ഇതേക്കുറിച്ച് ആപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക്കിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഫെയ്സ്ബുക്കുമായോ മറ്റ് ഫെയ്‌സ്ബുക്ക് കമ്പനികളുമായോ ഡേറ്റ പങ്കുവയ്ക്കില്ലെന്ന് യൂറോപ്പിലെ ഉപയോക്താക്കള്‍ക്കായി ഇറക്കിയിരിക്കുന്ന നയത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും, ആ വാചകം ഇന്ത്യക്കാര്‍ക്കു നല്‍കിയ സ്വകാര്യതാ നയത്തിലില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 

വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തേക്കുറിച്ചു പേടിയുള്ളവര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. വാട്സാപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആരും നിര്‍ബന്ധമാക്കിയിട്ടില്ലെന്നും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാതിരിക്കാനുളള അവകാശമുണ്ടെന്നും പരാതിക്കാരിലൊരാളായ ചൈതന്യാ റോഹിലയോട് ജസ്റ്റിസ് സഞ്ചീവ് സച്‌ദേവ പറഞ്ഞു. കേന്ദ്രത്തിന് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സമയം നല്‍കിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് സച്ദേവ കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ മാര്‍ച്ച് 1ലേക്ക് മാറ്റിവെച്ചു.

Tags: