മക്കളുടെ വിവാഹത്തിനിടെ ഒളിച്ചോടിയവര്‍ 16 ദിവസത്തിന് ശേഷം തിരിച്ചെത്തി

Glint Desk
Wed, 29-01-2020 03:32:55 PM ;

Middle age Love

ജനുവരി 10-ാം തീയതി കാണാതായ ഹിമ്മത് പട്ടേലും ശോഭന റവാലും തിരിച്ചെത്തി. പട്ടേലിന്റെ മകനും റവാലിന്റെ മകളും തമ്മിലുള്ള വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് ഇവരെ രണ്ട് പേരെയും കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ജനുവരി 26ന് രണ്ട് പേരും പോലീസ് സ്‌റ്റേഷനില്‍ എത്തി. മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ ആണ് ഇത്രയും ദിവസം രണ്ട് പേരും താമസിച്ചത്. 

എന്നാല്‍ റവാലിന്റെ ഭര്‍ത്താവ് ഇവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് റവാല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോയി. 

ഇവരെ കാണാതായതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരും ചെറുപ്പം മുതല്‍ അടുത്ത് അറിയുന്നവരാണെന്നും ചെറുപ്പത്തില്‍ പ്രണയത്തിലായിരുന്നവര്‍ ആണെന്നും അറിയുന്നത്. തുടര്‍ന്ന് ഇവരുടെ മകന്റെയും മകളുടെയും വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടുന്നത്. മറ്റുള്ളവര്‍ വിവാഹ ആഘോഷങ്ങളുടെ തിരക്കില്‍ ആയിരുന്ന സമയത്ത് രണ്ട് പേരും ചേര്‍ന്ന് ഒളിച്ചോടുകയായിരുന്നു. 16 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ട് പേരും തിരിച്ചെത്തിയത്. 

ഈ വിഷയം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്ക് വഴിതെളിച്ചിരുന്നു.

 

Tags: