Skip to main content

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി സമന്‍സ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ഓഡിയോ എം.ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് പുറത്ത് വിട്ടതെന്നായിരുന്നു സ്വപ്ന സുരേഷിന്റെ പുതിയ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡി സ്വപ്നയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയുടെ പേര് ആവശ്യപ്പെടുന്നുവെന്ന ഓഡിയോ സ്വപ്ന സുരേഷ് ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെയാണ് പുറത്ത് വന്നത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. ഇ.ഡിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതിയെ ഇഡി സമീപിച്ചിരുന്നു. സര്‍ക്കാരിന് ഈ കേസ് അന്വേഷിക്കാന്‍ പറ്റില്ലെന്ന് കാണിച്ചായിരുന്നു ഇഡി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ മൊഴി രേഖപ്പെടുത്തി ഈ കേസില്‍ ഉപയോഗിക്കാനാണ് ഇഡിയുടെ നീക്കം.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോഗസ്ഥര്‍ വാഗ്ദാനം നല്‍കിയെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ഓഡിയോ. മൊഴി വായിച്ചു നോക്കാന്‍ സമയം നല്‍കാതെ ഒപ്പിട്ടു വാങ്ങിച്ചു എന്നും സ്വപ്ന ഓഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു.