രാഷ്ട്രപതിക്ക് ഡിലിറ്റ് നിഷേധിച്ചുവെന്ന വിവാദത്തില്‍ രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയുടെ വിമര്‍ശനം ഏറ്റെടുക്കാതെ വി.ഡി സതീശന് ഗവര്‍ണറെ ചോദ്യം ചെയ്തു. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്കാന് ഗവര്‍ണര്‍ ശിപാര്‍ശ നല്കിയെങ്കില് അത് തെറ്റാണെന്നും ഇപ്പോള്‍ വിഷയം ഉയര്‍ത്തുന്നത് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും വി.ഡി സതീശന് അഭിപ്രായപ്പെട്ടു.
''സര്‍ക്കാരല്ലല്ലോ യൂണിവേഴ്സിറ്റിയല്ലേ ഡിലിറ്റ് കൊടുക്കുന്നത്. ഗവര്‍ണര്‍ വഴിവിട്ട് ഇടപെട്ടിട്ടുണ്ടോ എന്നത് സര്‍ക്കാരോ യൂണിവേഴ്സിറ്റിയോ ആണ് പറയേണ്ടത്. രഹസ്യമായിട്ട് വാര്‍ത്ത വിളിച്ച് കൊടുത്താല്‍ പോരല്ലോ. യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഇന്ത്യന്‍ പ്രസിഡന്റിന് ഡിലിറ്റ് കൊടുക്കാന്‍ ഗവര്‍ണര്‍ പറഞ്ഞെന്ന് പറയട്ടെ. രഹസ്യമായി വാര്‍ത്ത കൊടുത്ത് ഇപ്പോഴുള്ള അക്കാദമിക് പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണ് ഇതെല്ലാം,'' വി.ഡി സതീശന് പറഞ്ഞു.
''ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡിലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സംസ്ഥാന ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന നിലയില്‍ കേരള സര്‍വ്വകലാശാല വി.സിക്ക് നല്‍കിയിരുന്നു. അങ്ങനെ ഒരു ശുപാര്‍ശ നല്‍കിയിട്ടുണ്ടോ. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള ചാന്‍സലറുടെ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് വൈസ് ചാന്‍സലറെകൊണ്ട് നിരാകരിപ്പിച്ചിട്ടുണ്ടോ? സാധാരണഗതിയില്‍ ഇത് സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വെക്കേണ്ടതാണ്. അതിന് പകരം ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സര്‍ക്കാരിന്റെ അനുവാദം തേടിയത്? ഇത്തരത്തിലുള്ള ഓണററി ഡിലിറ്റ് നല്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് അധികാരമാണുള്ളത്,'' എന്നുമായിരുന്നു രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ചോദിച്ചത്.
ചെന്നിത്തലയുടെ ആക്ഷേപം ബി.ജെ.പി സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ്. സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകുന്നുവെന്നും രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാത്തതിലൂടെ ദളിതരോടുള്ള വിവേചന മനോഭാവമാണ് വ്യക്തമാകുന്നതെന്നുമാണ് കേന്ദ്ര മന്ത്രി വി. മുരളീധരന് പറഞ്ഞു.
ഗവര്‍ണറാണ് സര്‍വകലാശാല ചാന്‍സലര്‍, പ്രശ്നങ്ങളുണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടതും ഗവര്‍ണറാണ് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചത്.