Skip to main content

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പരാതി പ്രവാഹം. ഇരുവരുടെയും നീക്കം പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണെന്നാണ് പരാതി. പുനഃസംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാര്‍ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കള്‍ തലമുറ മാറ്റത്തെ എതിര്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ഒരു വിഭാഗം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

എതിര്‍പ്പ് ഹൈക്കമാണ്ടിനെ ഉമ്മന്‍ചാണ്ടി നേരിട്ടറിയിക്കും മുമ്പേ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ എതിര്‍ വിഭാഗം നീക്കം കടുപ്പിക്കുകയാണ്. പാര്‍ട്ടി പുനഃസംഘടന നടത്തുമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. ഹൈക്കമാണ്ട് അനുമതിയോടെയാണ് പുനഃസംഘടനയെന്ന് വ്യക്തമാക്കി കെ.പി.സി.സി അധ്യക്ഷന് പിന്തുണ നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുണ്ട്. ഇവര്‍ക്കൊപ്പം ഉള്ളവരാണ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ദേശീയ നേതൃത്വത്തെ സമീപിച്ചതെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്.

പുനഃസംഘടനയിലെ എതിര്‍പ്പ് പരസ്യമാക്കി അതിനെതിരെ ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കാണാനിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനഃസംഘടന വേണ്ടെന്നും നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും. 

Tags