ദീപികയില്‍ വീണ്ടും ലേഖനം; സി.പി.എം യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു, സതീശന്‍ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുന്നു

Glint Desk
Sat, 18-09-2021 11:11:52 AM ;

ദീപിക ദിനപത്രത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് വീണ്ടും ലേഖനം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞു കൊണ്ട് മൂടിവെയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നാണ് ലേഖനത്തില്‍ പറയുന്നത്. സി.പി.ഐ.എം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണെന്ന് ലേഖനത്തിലുണ്ട്. സി.പി.ഐ.എം യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ബിഷപ്പ് പറഞ്ഞപ്പോള്‍ അതിന് മതത്തിന്റെ പരിവേഷം കൊടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് ദീപികയുടെ ലേഖനത്തില്‍ പറയുന്നത്. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടിക്കുന്നവരും എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയത്.

കഴിഞ്ഞ ദിവസം സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രതികരണവും മന്ത്രി വാസവന്റെ ബിഷപ്പ് ഹൗസ് സന്ദര്‍ശനവുമെല്ലാം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുവെന്ന സൂചന തന്നെയാണ് നല്‍കുന്നത് എന്നും ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം വി.എന്‍ വാസവന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു. ആ ചാപ്റ്റര്‍ ക്ലോസ് ആയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

പ്രതിപക്ഷ നേതാവിന്റെയും യു.ഡി.എഫ് ഘടകകക്ഷികളുടെയും കോണ്‍ഗ്രസിന്റെയും നിലപാടുകളാണ് ഇനിയും പരിശോധിക്കപ്പെടേണ്ടത് എന്നും വി.ഡി സതീശന്‍ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

Tags: