Skip to main content

ഡി.സി.സി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെ.പി.സി.സി പുനഃസംഘടനയില്‍ ഈ ആഴ്ച വിശദമായ ചര്‍ച്ച നടത്തും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും ചര്‍ച്ച നടത്തും. യു.ഡി.എഫ് യോഗത്തിലും ഇരുവരും പങ്കെടുത്തേക്കുമെന്നാണ് വിവരം. നേരത്തെ ഡി.സി.സി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരെ ഇരുനേതാക്കളും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

കാര്യങ്ങള്‍ വിശദമായി സംസ്ഥാനത്ത് ചര്‍ച്ച ചെയ്തില്ലെന്ന ആരോപണമാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉന്നയിച്ചത്. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഇവരെ തള്ളി രംഗത്ത് വരികയും ചെയ്തിരുന്നു.

പുതിയ നേതൃത്വം സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യു.ഡി.എഫിന്റെ ആദ്യ സമ്പൂര്‍ണ യോഗമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുക. ഘടകകക്ഷികളായ ആര്‍.എസ്.പി, മുസ്ലീം ലീഗ് എന്നിവര്‍ക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ അതൃപ്തിയുണ്ട്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ആര്‍.എസ്.പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.

Tags
Ad Image