കണ്ണൂര്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി; 15 പേര്‍ക്ക് പരസ്യ ശാസന

Glint desk
Sat, 14-08-2021 03:20:05 PM ;

കണ്ണൂര്‍ തളിപ്പറമ്പില്‍ 17 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി. മന്ത്രി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് അച്ചടക്ക നടപടി. ആന്തൂര്‍ നഗരസഭാ അധ്യക്ഷയാണ് പി കെ ശ്യാമള. എം എന്‍ ഷംസീര്‍ എംഎല്‍എ ചെയര്‍മാനായ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് നടപടി. രണ്ട് പേര്‍ക്ക് സസ്പെന്‍ഷനും 15 പേരെ പരസ്യമായി ശാസിക്കാനുമാണ് തീരുമാനം.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്യുന്നത്. ഇതില്‍ പി. കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണില്‍ നിന്നു ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇത് ചര്‍ച്ചയായി. ഇതിന് പിന്നാലെ പി.കെ. ശ്യാമളയ്‌ക്കെതിരേ സൈബറിടങ്ങളില്‍ വ്യാപകമായ രീതിയില്‍ മോശമായ ഭാഷയിലും വിമര്‍ശിക്കുന്ന രീതിയിലും കമന്റിട്ടു എന്നതാണ് പ്രധാനമായും ഇവരില്‍ ഉന്നയിക്കുന്ന കുറ്റം.

Tags: