സയന്‍സ് തന്നെയാണ് വേണ്ടത്, ഹോമമോ ഹോമിയോയോ പൂജയോ അല്ല; അമൃതാനന്ദമയി ട്രോളുകളില്‍ പ്രതികരിച്ച് ഗോവിന്ദ് വസന്ത

Glint desk
Wed, 28-04-2021 11:50:29 AM ;

അമൃതാനന്ദമയി കൊവിഡ് വാക്സിന്‍ സ്വീകരിച്ച വിഷയത്തിലുള്ള ട്രോളുകളില്‍ പ്രതികരിച്ച് സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത. പൂജകളും പ്രാര്‍ത്ഥനകളും അല്ല സയന്‍സ് തന്നെയാണ് വേണ്ടതെന്ന് മനസ്സിലാക്കുന്നതില്‍ ആര് തന്നെ മാതൃകയായാലും അത് നല്ലതാണെന്ന് ഗോവിന്ദ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാതാ അമൃതാനന്ദമയി വാക്സിനെടുത്ത വാര്‍ത്ത വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞു. ലോകചരിത്രത്തില്‍ തന്നെ വാക്സിനെടുത്ത ഒരേ ഒരു ദൈവമാണ് അമൃതാനന്ദമയി എന്നായിരുന്നു ട്രോളുകള്‍. പ്രമുഖ ദൈവം വാക്സിനെടുത്തു, മക്കളേ ഞാന്‍ വക്സിനെടുത്തു എന്നിങ്ങനെ രസകരമായ നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. താന്‍ എടുത്തത് ദൈവങ്ങള്‍ക്ക് മാത്രമുള്ള വാക്സിനാണെന്ന് അമൃതാനന്ദമയി പറയുന്ന ട്രോളുകളും ഉണ്ട്.

ഗോവിന്ദ് വസന്തിന്റെ ഫേസ്ബുക് കുറിപ്പ്;

അമൃതാനന്ദമയി വാക്‌സിന്‍ എടുത്തതിനെ ട്രോളുന്നത് കണ്ടു. ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടത് എന്ന് മനസ്സിലാക്കിക്കാന്‍ ആര് മാതൃകയായാലും നല്ലതാണെന്നാണ് എനിക്ക് തോന്നിയത്. പൗരോഹിത്വം കൊടികുത്തി വാഴാന്‍ തക്കം തേടി നടക്കുന്ന കാലവും നാടുമാണിത്. ഓരോ ഇഞ്ച് പ്രതീക്ഷകളെയും പൊലിപ്പിച്ചു കാണിക്കണമെന്ന് തോന്നുന്നു.

 

Tags: