ക്യാപ്റ്റന്‍ വിവാദം സി.പി.എമ്മിനകത്തും അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചകളാണ് കുറച്ചേറെ ദിവസങ്ങളായി കാണാന്‍ സാധിക്കുന്നത്. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ തുടക്കത്തില്‍ ദേശാഭിമാനിയാണ് മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന തലക്കെട്ടോടെ അവതരിപ്പിച്ചത്. സൈബര്‍ ആരാധകര്‍ ആ വിളി ഏറ്റെടുക്കുകയായിരുന്നു. വ്യക്തി പൂജ എന്ന ആക്ഷേപവുമായി വി.എസ് അച്യുതാനന്ദനെതിരെ പടനീക്കം നടത്തിയ പിണറായി വിജയനെ അതേ ആക്ഷേപം തിരിഞ്ഞുകൊത്തുന്നോ എന്ന ചോദ്യമാണ് ക്യാപ്റ്റന്‍ വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനകത്ത് തന്നെ ഉയര്‍ന്നുവരുന്നത്. പാര്‍ട്ടിക്കു വഴങ്ങാതെയും അതീതനായും നീങ്ങുന്നു എന്നതായിരുന്നു വിഭാഗീയത പെരുമ്പറ കൊട്ടിയ കാലത്ത് വി.എസിനെതിരെ പിണറായി പക്ഷം ഉന്നയിച്ച ആക്ഷേപം.
ഉള്‍പ്പാര്‍ട്ടി ചേരിതിരിവ് പൊട്ടിത്തെറിയിലേക്കു വളര്‍ന്ന ഘട്ടത്തില്‍ വി.എസിനെ 'വിഗ്രഹം ചുമക്കുന്ന കഴുതയായി' ഒരു സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉപമിച്ച പി.ജയരാജന് തന്നെ അതേ വ്യക്തിപൂജയ്ക്ക് അടിപ്പെട്ടുവെന്നു സി.പി.എം പിന്നീട് കുറ്റപ്പെടുത്തിയത് മറ്റൊരു വഴിത്തിരിവായി. ഇപ്പോള്‍ അതേ ജയരാജന് പിണറായി വിജയനെതിരെ വിരല്‍ ചൂണ്ടിയിരിക്കുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ എതിര് ചേരിയിലുള്ളവര്‍ വളച്ചൊടിച്ചു എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസില്‍ 'ലീഡര്‍' എന്നെല്ലാം വിളിക്കുന്നതു പോലെ നേതാക്കള്‍ക്ക് വിശേഷണം ചാര്‍ത്തുന്ന രീതി സി.പി.എമ്മിനില്ല. ഇതോടെയാണ് 'ക്യാപ്റ്റന്‍' വിളി സി.പി.എം അംഗീകരിക്കുന്നോ എന്ന ചോദ്യം ഉന്നത നേതൃത്വത്തിനു മുന്നില്‍ ഉയര്‍ന്നത്. പാര്‍ട്ടി രീതിയനുസരിച്ച് അങ്ങനെയില്ല എന്ന് അവര്‍ ചൂണ്ടിക്കാട്ടി. എല്ലാവരും സഖാക്കളാണെന്നും വ്യക്തമാക്കി. ക്യാപ്റ്റന്‍ വിളിയില്‍ തെറ്റായി ഒന്നും കാണുന്നില്ലെന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത് എന്നതു ശ്രദ്ധേയം. തിരഞ്ഞെടുപ്പ് വേളയില്‍ വിവാദം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ ശൈലിയെ വിമര്‍ശിച്ചു കോണ്‍ഗ്രസും ബി.ജെ.പിയും ഇതില്‍ കക്ഷി ചേര്‍ന്നു.