സുകുമാരന്‍ നായരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം

എസ്.ഡി വേണുകുമാര്‍
Wed, 27-01-2021 06:25:47 PM ;

തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ നേതാക്കളെ സന്ദര്‍ശിച്ചു വരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ ചങ്ങനാശ്ശേരിയിലെത്തിയിട്ടും കണ്ടില്ല. യു.ഡി.എഫിനോട് അകന്നു നില്‍ക്കുകയായിരുന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറിയെ ചൊവാഴ്ച വീട്ടില്‍ പോയി കാണുകയും ചെയ്തു. വിവിധ ക്രൈസ്തവ മത മേലധ്യക്ഷന്മാരെയും ഇതിനകം സന്ദര്‍ശിച്ചു. മലപ്പുറത്ത് എത്തിയിട്ടുള്ള നേതാക്കള്‍ പാണക്കാട് തങ്ങള്‍ അടക്കം പല മുസ്ലീം മത വിഭാഗ നേതാക്കളെയും കണ്ടു സംസാരിക്കും.

രമേശ് ചെന്നിത്തലയുടെ താല്‍പര്യപ്രകാരമാണ് സുകുമാരന്‍ നായരുമായുള്ള സന്ദര്‍ശനം മാറ്റിവച്ചതെന്നാണ് വിവരം. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി രമേശ് ചെന്നിത്തല തന്റെ ഒരു വിശ്വസ്തനെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചിരുന്നു. മുന്നണിയില്‍ തന്റെ നേതൃത്വത്തിന് അനുകൂലമായി സമുദായ നേതാവില്‍ നിന്ന് ഒരു അഭിപ്രായം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടി തന്നെ മുന്നില്‍ നിന്നു നയിച്ചില്ലെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ യു ഡി.എഫ്. അധികാരത്തില്‍ വരില്ലെന്നാണ് തന്റെ നിലപാടെന്നും സന്ദര്‍ശന വേളയില്‍ അതു വ്യക്തമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചുവത്രേ. സന്ദര്‍ശന വേളയില്‍ തുറന്ന അഭിപ്രായപ്രകടനം ഒഴിവാക്കില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് , സുകുമാരന്‍ നായരെ പിന്നീട് സന്ദര്‍ശിക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. .ഉമ്മന്‍ ചാണ്ടി സമ്മതിക്കുകയും ചെയ്തു.

തനിക്കനുകൂലമായി സമുദായ നേതാവില്‍ നിന്ന് ഒരു പിന്തുണ കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പദമെന്ന സ്വപ്നം കൈയകലത്തില്‍ നിന്നു നഷ്ടപ്പെട്ടു പോകുമോ എന്നാണ് രമേശിന്റെ ആശങ്ക. എന്നാല്‍ ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനത്ത് വന്നില്ലെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് കിട്ടുകയില്ലെന്ന നിലപാടാണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പങ്കു വച്ചത്. സുകുമാരന്‍ നായര്‍ ഉമ്മന്‍ ചാണ്ടിയുടെ മുമ്പില്‍ വച്ച് തനിക്കെതിരെ പരാമര്‍ശം നടത്തുന്നത് എങ്ങനെയും ഒഴിവാക്കിക്കാനുള്ള അണിയറ നീക്കത്തിലാണ് രമേശ് ചെന്നിത്തല.

Tags: