അഴിമതിയില്‍ മുങ്ങി കൊവിഡ് പ്രതിരോധം

Glint desk
Tue, 26-01-2021 06:09:30 PM ;

ഇന്ത്യയില്‍  കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. കൊവിഡ് മഹാമാരി ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോഴെല്ലാം കൊവിഡിനെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിരുന്നു. ലോക്ക്ഡൗണ്‍ കഴിഞ്ഞതോടെ കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറി. കേരളത്തില്‍ ഇപ്പോള്‍ കാണുന്ന അവസ്ഥ ചിലര്‍ മാസ്‌ക് ധരിക്കുന്നു, ചില ആളുകള്‍ മാത്രം സാനിറ്റൈസര്‍ ഉപയോഗിക്കുന്നു, വാഹനങ്ങള്‍ ഓടിത്തുടങ്ങിയിരിക്കുന്നു, കല്യാണങ്ങള്‍ 200 പേരോളം പങ്കെടുത്തു കൊണ്ട് നടത്തുന്നു. ഇങ്ങനെ ജനം പഴയരീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 

ഏറ്റവും ഗുരുതരമായി കൊവിഡ് വ്യാപിക്കുന്ന സമയത്തിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതിരൂക്ഷമായി കൊവിഡ് വ്യാപിക്കുന്ന ഘട്ടമാണ് പ്രകടമാകുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശം ഉണ്ടാവുന്നില്ല എന്നതാണ് ഖേദകരമായ അവസ്ഥ. ആരോഗ്യവകുപ്പ് മന്ത്രി പോലും ഇപ്പോള്‍ വേണ്ടത്ര ജാഗ്രത പഴയതുപോലെ കാണിക്കുന്നില്ല. കൊവിഡ് പ്രതിരോധം വളരെ ഫലപ്രദമായി നടന്നുകൊണ്ടിരുന്ന സമയത്താണ് സ്പ്രിംഗ്‌ളര്‍, സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്, ലൈഫ് മിഷന്‍ എന്നീ അഴിമതി കേസുകളില്‍ കുരുങ്ങിയത്. ഈ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷമാണ് കൊവിഡ് പ്രതിരോധത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത കുറഞ്ഞു തുടങ്ങിയത്. ചില മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്ത് നിന്ന് ഇടയ്ക്ക് ഉണ്ടാവുന്ന ചില പ്രസ്ഥാവനകള്‍ ഒഴിച്ചുകഴിഞ്ഞാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നായാലും നിരീക്ഷണത്തിന് ചുമതലപ്പെട്ടവരുടെ ഭാഗത്ത് നിന്നായാലും യാതൊരുവിധ ജാഗ്രതയും കാണുന്നില്ല എന്നത് വസ്തുതയാണ്. 

മറ്റ് രോഗങ്ങളുള്ളവര്‍ കൊവിഡ് ബാധിക്കുന്നതിലൂടെ മരണപ്പെടുന്നുണ്ട്. ഇത് വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുമുണ്ട്. ഇതും ഗുരുതരമായി കാണേണ്ടത് തന്നെയാണ്. കൊവിഡ് ജാഗ്രത കുറഞ്ഞ സാഹചര്യത്തിലാണ് കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഭവിച്ച കൊവിഡ് വ്യാപനത്തിന്റെ രൂക്ഷഭാവമാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനിയും സര്‍ക്കാരും ജനങ്ങളും ജാഗ്രത പാലിച്ചില്ലെങ്കില്‍ വളരെ ദുഃഖകരമായ അവസ്ഥയിലൂടെ കേരളം കടന്നുപോകേണ്ടതായി വരും എന്ന് ഓര്‍ക്കണം. 

Tags: