ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ചു; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്

Glint desk
Fri, 18-12-2020 10:47:39 AM ;

എറണാകുളത്ത് ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി. ലുലു മാളില്‍ കുടുംബത്തോടൊപ്പം ഷോപ്പിംഗിനെത്തിയപ്പോള്‍ പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവനായിക സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി

സംഭവത്തില്‍ മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിന് ശേഷം കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും കളമശ്ശേരി സി.ഐ വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ആക്രമണത്തിന് ഇരയായ വിവരം അറിയിച്ചത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നു. ശരീരഭാഗത്ത് സ്പര്‍ശിച്ചുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്റെ സഹോദരി സംഭവം കണ്ടെന്നും ശേഷവും യുവാക്കള്‍ പിന്തുടര്‍ന്നെന്നും സംസാരിക്കാന്‍ ശ്രമിച്ചുവെന്നും നടി പറയുന്നു. തന്റെ മാതാവ് എത്തിയതിന് ശേഷമാണ് യുവാക്കള്‍ പോയതെന്നും നടി കുറിച്ചു.

Tags: