Skip to main content

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട്  സംസ്ഥാനം നട്ടം തിരിയുമ്പോള്‍ നിയമസഭയില്‍ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണങ്ങള്‍. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി വിയുമെല്ലാം ധൂര്‍ത്തിന്റെയും അഴിമതിയുടേയും ഉദാഹരണമായി ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

ലോക കേരള സഭയ്ക്കായി ശങ്കരനാരായണന്‍ തമ്പി ഹോളിന്റെ നവീകരണത്തിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 16.65 കോടി നവീകരണത്തിനായി ചെലവഴിച്ചു. ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയെയാണ് ഇതിനായി നിയോഗിച്ചത്. ടെണ്ടര്‍ ഇല്ലാതെയാണ് പ്രവൃത്തികള്‍ ഊരാളുങ്കലിന് നല്‍കിയത്. ഒന്നര ദിവസത്തെ ലോകകേരള സഭയ്ക്കുവേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ ഈ ഹാള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനകം 12 കോടി ഊരാളുങ്കലിന് നല്‍കിക്കഴിഞ്ഞു. കൊവിഡിന്റെ സാമ്പത്തിക നിയന്ത്രണത്തില്‍ ഇളവ് നല്‍കിയായിരുന്നു ഇത്. നേരത്തേ 1.84 കോടി രൂപ ചെലവില്‍ ഊരാളുങ്കലിനെക്കൊണ്ട് നവീകരണം നടത്തിയ ഹോളിലാണ് വീണ്ടും 16.65 കോടി ചെലവഴിച്ചതെന്നും വന്‍ അഴിമതിയാണ് ഇതിന്റെ മറവില്‍ നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭയെ കടലാസ് രഹിതമാക്കുന്നതിനായി 52.33 കോടിയുടെ പദ്ധതിയും ഊരാളുങ്കലിനെ ഏല്‍പ്പിച്ചു. 13.53 കോടി മൊബിലൈസേഷന്‍ അഡ്വാന്‍സും നല്‍കി. ഈ നിയമസഭയ്ക്കുവേണ്ടി ഇതുവരെ 52.31 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഇതിന്റെയൊന്നും പ്രയോജനം ആര്‍ക്കും ലഭിച്ചിട്ടില്ല. ഇതില്‍ അഴിമതി വ്യക്തമാണ്. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറ് പരിപാടിക്ക് പദ്ധതിയിട്ടെങ്കിലും കൊവിഡ് കാരണം രണ്ടെണ്ണമേ നടത്തിയുള്ളൂ. ഇതിനായി രണ്ടേകാല്‍ കോടിയാണ് ചെലവഴിച്ചത്. ഇതിന്റെ ഭക്ഷണച്ചെലവ് മാത്രം 68 ലക്ഷം രൂപയായി. യാത്രാ ചെലവ് 42 ലക്ഷം, മറ്റ് ചെലവുകള്‍ 1.21 കോടി, പരസ്യം 31 ലക്ഷം രൂപ എന്നിങ്ങനെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ പരിപാടിക്കായി അഞ്ചുപേര്‍ക്കാണ് കരാര്‍ നല്‍കിയത്. പരിപാടി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായെങ്കിലും ഈ ജീവനക്കാര്‍ ഇപ്പോഴും പ്രതിമാസം മുപ്പതിനായിരം രൂപ ശമ്പളം വാങ്ങുന്നുണ്ട്. 21.61 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ചെലവാക്കിയത്. സഭാ ടിവിയുടെ പേരിലും വന്‍ ധൂര്‍ത്താണ് അരങ്ങേറിയത്. സ്പീക്കറുടെ നേതൃത്വത്തിലായിരുന്നു ഈ അഴിമതിയെല്ലാം. ഈ വിഷയങ്ങളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags