മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ട്, സംവരണം അഞ്ച് ശതമാനമാക്കണം; വെള്ളാപ്പള്ളി നടേശന്‍

Glint desk
Mon, 26-10-2020 06:01:44 PM ;

മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രശ്നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതും നടപ്പിലാക്കുന്നതും തമ്മില്‍ ഒരു പൊരുത്തക്കേടുണ്ട്. ആ പൊരുത്തക്കേട് എന്താണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് നിവേദനം നല്‍കും. സര്‍ക്കാരിന് എവിടെയോ ഒരു തെറ്റുപറ്റിപ്പോയിട്ടുണ്ട്. ആ തെറ്റ് പരിഹരിക്കണം എന്ന ആവശ്യമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മുന്നാക്ക സംവരണം 10 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കണമെന്നും മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ 5 ശതമാനം മാത്രമെ വരൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തെത്തിയിരുന്നു. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നാണ് എന്‍.എസ്.എസിന്റെ ആവശ്യം. നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവയ്ക്കണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Tags: