പെട്ടിമുടി ദുരന്തം; പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി, അഗാധ ദുഃഖം രേഖപ്പെടുത്തി ഗവര്‍ണര്‍

Glint desk
Thu, 13-08-2020 02:56:43 PM ;

പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സ്ഥലവും വീടും കണ്ടെത്തുമെന്ന് മുഖ്യമന്ത്രി. പെട്ടിമുടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമൊത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പെട്ടിമുടിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

പെട്ടിമുടിയിലുണ്ടായത് വന്‍ ദുരന്തമായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. രാഷ്ട്രപതി ഉള്‍പ്പെടെ തന്നെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ദുരന്തത്തിനിരയായവരുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷപ്പെട്ടവരില്‍ ചിലര്‍ ആശുപത്രിയിലുണ്ട്. ഇവരുടെ ചികിത്സാ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്.  ഇവരില്‍ ആര്‍ക്കെങ്കിലും പ്രത്യേക സഹായം ആവശ്യമാണെന്നു കണ്ടാല്‍ അതിന് പ്രത്യേക പരിഗണന നല്‍കി നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടമുണ്ടായ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടവര്‍ മറ്റ് ലയങ്ങളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇതില്‍ കമ്പനിയുടെ നിലപാട് നല്ലതാണ്. ലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും നിലവില്‍ ജോലി ഇല്ലാതായ തൊഴിലാളികളുടെ കാര്യത്തില്‍ കമ്പനി തീരുമാനമെടുക്കണം. ലയങ്ങളുടെ നിര്‍മാണവും കമ്പനി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ പെട്ട 15 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 55 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 

Tags: