സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദ്ദേശം. മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കുക. ആറു ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്ല്യമായ തുക സര്‍ക്കാരിന് ലഭിക്കും. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടാവില്ല. ധനമന്ത്രി തോമസ് ഐസക്കാണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദ്ദേശം അവതരിപ്പിച്ചത്. ഇങ്ങനെ ലഭിക്കുന്ന തുക കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കൊറോണ പ്രതിരോധത്തിനായി അടിയന്തിര സാമ്പത്തിക സഹായം ആവശ്യമാണ്. ഈ രീതിയില്‍ ശമ്പളം പിടിച്ചാല്‍ ജീവനക്കാര്‍ക്ക് അധികഭാരം ആവില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൂടുതല്‍ മാസം എടുത്തുള്ള ശമ്പളം പിടിക്കല്‍ ഗുണം ചെയ്യില്ലെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ പിടിക്കുന്ന ശമ്പളം പിന്നീട് ജീവനക്കാര്‍ക്ക് തിരികെ നല്‍കാം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. പ്രളയകാലത്ത് നടപ്പിലാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.
20,000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന പാര്‍ട് ടൈം ജീവനക്കാര്‍ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രം ശമ്പളം നല്‍കാം.