Skip to main content

കേരളം കൊവിഡിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. സംസ്ഥാനം വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കര്‍ നിര്‍ദ്ദേശം നല്‍കിയത്. 

ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. കൂടാതെ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ഇളവ് നല്‍കിയതും ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നതും സ്വകാര്യ കാറുകളില്‍ പിന്‍സീറ്റില്‍ രണ്ട് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ അനുവാദം നല്‍കിയതുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല അയച്ച കത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരമൊരു ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതിനെ കുറിച്ച് നേരത്തെ പല കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്. കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കും. പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്.