കൊറോണ കാലത്തെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാനെന്ന പേരില്‍ റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ അപര്യാപ്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്. യഥാര്‍ത്ഥ സ്ഥിതി ഉള്‍ക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് 18,000 കോടി രൂപ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 1418 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് അനുവാദം തന്നത് അതും മൂന്ന് മാസത്തേക്കെന്നും തോമസ് ഐസക് പറഞ്ഞു. റിസര്‍വ്വ് ബാങ്കിന്റെ പ്രഖ്യാപനത്തില്‍ വ്യക്തത വേണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം സഹായമെന്ന് ആര്‍.ബി.ഐ പറയുന്നു. പക്ഷേ എന്തിന്റെ 60 ശതമാനമാണെന്ന് പറയുന്നില്ല എന്നും റിപ്പോ നിരക്കുകള്‍ കുറച്ചെങ്കിലും ബാങ്കുകള്‍ പലിശ കുറയ്ക്കുന്നില്ലെന്നും കേരളത്തിന് വായ്പ കിട്ടിയത് 9 ശതമാനം പലിശയ്ക്കാണെന്നും തോമസ് ഐസക് പറയുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ച മൂന്ന് കാര്യങ്ങളെക്കുറിച്ചും നിശ്ശബ്ദത മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ആദ്യത്തേത് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതാണ്. രണ്ടാമത്തേത് മൂന്ന് മാസത്തെ മൊറട്ടോറിയം. കേരളത്തിന്റെ ആവശ്യം മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് നീട്ടണമെന്നാണ്. മൂന്നാമത്തേത് ചെറുകിട സംരംഭകര്‍ക്ക് സഹായം നല്‍കണം. ഇതിന് പ്രതികരണം തന്നേ തീരുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.