Skip to main content

Vanchiyoor court

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ടു. മജിസ്‌ട്രേറ്റ്  ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു  അഭിഭാഷകരുടെ പ്രതിഷേധം.മജിസ്‌ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളാണ്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ മോചിപ്പിച്ചത്.ദീപ മോഹനന്റെ കോടതി ബഹിഷ്‌കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.

 വാഹനാപകടക്കേസിലെ പ്രതി ,പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെ ജാമ്യം കോടതി നിഷേധിച്ചിരുന്നു. ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റിന്റെ നടപടി ശരിയായില്ലെന്നാണ് ബാര്‍ അസോസിയേഷന്റെ പ്രതികരണം.  ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനമാണ് മജിസ്‌ട്രേറ്റിന്റേതെന്നും മജിസ്‌ട്രേറ്റിനെതിരെ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 

സംഭവത്തില്‍ ഉള്‍പ്പെട്ട മജിസ്‌ട്രേറ്റ് ദീപ മോഹനനെതിരെ നേരത്തെ തന്നെ പലവട്ടം പരാതികള്‍ ഉയര്‍ന്നതാണെന്നും ചട്ടവിരുദ്ധമായ നടപടികളാണ് ദീപയുടെ ഭാഗത്ത് നിന്നും പലതവണ ഉണ്ടായിട്ടുള്ളതെന്നും  വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെപി ജയചന്ദ്രന്‍ പ്രതികരിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട നടപടി അസാധാരണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.