അരാംകോയില്‍ ആക്രമണം നടത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൗദി അറേബ്യ. ആക്രമണത്തിന് ഉപയോഗിച്ചത് ഇറാനിയന്‍ ആയുധങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ സൗദി പ്രതിരോധ മന്ത്രി അന്വേഷണം പൂര്‍ത്തിയാകാന്‍ കാക്കുകയാണ് തങ്ങളെന്നും വ്യക്തമാക്കി. എന്നാല്‍ തങ്ങളെ പ്രകോപിപ്പിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ സൗദിക്ക് മുന്നറിയിപ്പ് നല്‍കി.
ആഗോള എണ്ണ വിപണിയില്‍ പ്രതിസന്ധി ഉണ്ടാക്കിയ അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികളെ വെറുതെ വിടില്ലെന്നാണ് സൗദി അറേബ്യയുടെ പ്രഖ്യാപനം. തങ്ങളെ ആക്രമിച്ചവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ സൗദി പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി എയ്ദല്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.
അരാംകോയിലെ ആക്രമണത്തിന് ഉപയോഗിച്ചത് ഇറാനിയന്‍ ആയുധങ്ങളാണ്. ഇതിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂത്തികള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ആക്രമണം ഉണ്ടായത് വടക്ക് നിന്നാണ്... ഇറാന്റെ പങ്കാളിത്തത്തിലേക്ക് വിരല്‍ ചൂണ്ടി എയ്ദല്‍ അല്‍ ജുബൈര്‍ പറഞ്ഞു. അതേസമയം ഏതുതരം തിരിച്ചടിയാണ് നല്‍കുന്നത് എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വിദേശ പങ്കാളിത്തത്തോടെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്ന് എയ്ദല്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.