കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കാസര്‍കോട് പിലാത്തറ സ്‌കൂളില്‍ പത്മിനി രണ്ട് തവണ വോട്ട് ചെയ്തു. സുമയ്യ, സലീന എന്നിവരും രണ്ട് വോട്ടു ചെയ്തു. കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തംഗമായ സലീനയെ അയോഗ്യയാക്കാന്‍ ശുപാര്‍ശ നല്‍കയെന്നും മൂന്നുപേര്‍ക്കെതിരെയും ക്രിമിനല്‍ കേസ് എടുക്കാന്‍ നിര്‍ദേശിച്ചെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കള്ളവോട്ടിന് വഴിയൊരുക്കിയ എല്‍.ഡി.എഫ് ബൂത്ത് ഏജന്റിനെതിരെയും നടപടി വരും. ഓപ്പണ്‍ വോട്ടെന്ന പ്രയോഗം തെറ്റാണ് തിരഞ്ഞെടുപ്പ് ചട്ടത്തില്‍ കംപാനിയന്‍ വോട്ട് മാത്രമേയുള്ളൂ. കംപാനിയന്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍ ഒപ്പമുണ്ടാകണമെന്നാണ് ചട്ടം. ഇതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
ശനിയാഴ്ചയാണ് കാസര്‍കോടും കണ്ണൂരും വ്യാപകമായി സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ആരോപിച്ചത്. സംഭവം വലിയ ചര്‍ച്ചയായതോടെ തിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.