ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 75.20 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു പോളിങ്.ഏറ്റവും കൂടുതല്‍ കണ്ണൂരിലും രണ്ടാമത് വയനാടുമാണ് കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍ 2014 നേക്കാള്‍ ആറുശതമാനം കൂടുതല്‍ പോളിങാണ് ഇത്തവണയുണ്ടായിരിക്കുന്നത്.
അതിനിടെ സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതി ഉയര്‍ന്നു. തിരുവനന്തപുരം ചൊവ്വരയില്‍ കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്പോള്‍ താമരചിഹ്നം തെളിയുന്നുവെന്ന് പരാതി ഉയര്‍ന്നു. ചേര്‍ത്തലയില്‍ മോക്ക് പോളില്‍ ചെയ്ത വോട്ടെല്ലാം താമരയില്‍ പതിഞ്ഞതും വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു.