കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീട് കൈമാറി. ഹൈബി ഈഡന്‍ എം.എല്‍.എ യുടെ തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ചത്. ഗൃഹപ്രവേശന ചടങ്ങില്‍ ഹൈബി കുടുംബസമേതം പങ്കെടുത്തു. കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും സന്നിഹിതനായിരുന്നു.
ഓലമേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു അച്ഛനും, അമ്മയും, സഹോദരിമാരുമടങ്ങുന്ന കൃപേഷിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ഈ പരിതാപകരമായ അവസ്ഥ കണ്ട ഹൈബി ഈഡന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയോടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 44 ദിവസം കൊണ്ടാണ് വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. അടച്ചുറപ്പുള്ള ഒരു വീട് കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നെന്ന് കുടുംബം പറഞ്ഞു.