യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.എമ്മിനെ വെട്ടിലാക്കി ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ കുടുംബം രംഗത്ത്. പീതാംബരന്‍ കൊലപാതകം നടത്തുമെന്ന് വിശ്വസിക്കുന്നില്ല. ഏതെങ്കിലും കാരണവശാല്‍ അങ്ങിനെ സംഭവച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോട് കൂടിയായിരിക്കുമെന്നും പീതാംബരന്റെ ഭാര്യ മഞ്ജു പറഞ്ഞു. അച്ഛന്‍ കൊലപാതകം നടത്തുമെന്ന് കരുതുന്നില്ലെന്നും അധവാ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും പീതാംബരന്റെ മകള്‍ ദേവികയും പ്രതികരിച്ചു.
കഴിഞ്ഞ മാസമുണ്ടായ സംഘര്‍ഷത്തില്‍ പീതാംബരന് മര്‍ദ്ദനമേറ്റിരുന്നു. അന്ന് കൈ ഒടിയുകയും സ്റ്റീലിടേണ്ടി വരികയും ചെയ്തു. ആ കൈകൊണ്ട് യാതൊന്നും ചെയ്യാനും പറ്റില്ല. ഒരാളുടെ സഹായം എപ്പോഴും വേണം. ആ അവസ്ഥയിലുള്ള ആള്‍ എങ്ങിനെയാണ് കൊലപാതകം നടത്തുക. മറ്റാര്‍ക്കോ വേണ്ടി കുറ്റമേറ്റെടുത്തതാവാം എന്നും മഞ്ജു വ്യക്തമാക്കി.
അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതംബരന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായതോടെ ഇയാളെ സി.പി.എം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തങ്ങള്‍ക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.