Skip to main content
Kannur

 p-jayarajan

എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. ജയരാജനെതിരെ 302, 120 ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സി.ബി.ഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ടി.വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

 

2012 ഫെബ്രുവരി 20 നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി. ജയരാജനും ടി.വി രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവം അരിയിലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്.

 

വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നു ജയരാജനും രാജേഷും ചികില്‍സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ച് സി.പി.എം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു കേസ്. ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചുമത്തി ജയരാജനെയും രാജേഷിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.