2019 മണ്ഡലകാലത്തിന്റെ നടയടവിന്റെ അന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ അയ്യപ്പഭക്ത സംഗമം. ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ രാഷ്ട്രീയ കാഹള ധ്വനിയായിരുന്നു അയ്യപ്പഭക്ത സംഗമത്തില്‍ ഉയര്‍ന്നത്. ഭക്തി വോട്ടുരാഷ്ട്രീയത്തിന് വേണ്ടി പ്രകടമായി ഉപയോഗിക്കപ്പെടുന്നതിന്റെ ചരിത്ര മുഹൂര്‍ത്തമായി 2019 ജനുവരി 20 ഭാവിയില്‍ കുറിക്കപ്പെടും. ഇതുവരെ കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചും പ്രീണിപ്പിച്ചും, അവരെ പരസ്പരം സംഘര്‍ഷത്തിലും സംഘട്ടനത്തിലും ആക്കിക്കൊണ്ടുമൊക്കെയാണ് പ്രത്യക്ഷത്തില്‍ പുരോഗമനമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വോട്ട് ബാങ്ക് രാഷ്ടീയം നടന്നിരുന്നത്. എന്നാല്‍ ഭക്തരണിനിരന്ന സദസ്സില്‍ ആചാര്യന്മാര്‍ വേദിയിലിരുന്ന് വോട്ട് വജ്രായുധമാക്കൂ എന്ന പ്രഖ്യാപനം പരസ്യമായി മുഴക്കി. അധ്യക്ഷ പ്രസംഗത്തില്‍ കുളത്തൂര്‍ മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകം കൃതാര്‍ത്ഥതയും അര്‍പ്പിച്ചു. അദ്ദേഹം ഒരാള്‍ നിമിത്തം മാത്രമാണ് ഇവ്വിധമുള്ളൊരു ഹൈന്ദവ ഏകീകരണവും അയ്യപ്പഭക്ത സംഗമവും ഉണ്ടായതെന്ന് സ്വാമി ചിദാനന്ദപുരി എടുത്ത് പറയുകയുണ്ടായി. അത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് സമ്മതിക്കേണ്ടി വരുന്നു.
വര്‍ഗ വിഭാഗീയതയിലേക്കൊന്നും കടന്ന് ചെല്ലാതെ ശാസ്ത്രങ്ങളെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുന്ന വര്യന്മാരെയും ജനുവരി 20 ന് പുത്തരിക്കണ്ടം വേദിയില്‍ കാണപ്പെട്ടു. ഉദാഹരണത്തിന് അദ്ധ്യാത്മാനന്ദ സരസ്വതി. അദ്ദേഹത്തിന്റെ പ്രസംഗത്തിലും ഒരു ഗതികേട് നിഴലിക്കുന്നുണ്ടായിരുന്നു. അതുപോലെ തന്നെ സമ്മേളനം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തത് മാതാ അമൃതാന്ദമയി ആണ്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ബി.ജെ.പിക്ക് രാഷ്ട്രീയമായി ഭക്തിയെയും വിശ്വാസത്തെയും ഒക്കെ പ്രയോഗിക്കുവാന്‍ ഉചിതമായ സാമൂഹ്യാന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ട് കഴിഞ്ഞു എന്നുള്ളതാണ്. ബാഹ്യമായ വലിയ പ്രചാരണങ്ങളൊന്നും ഇല്ലാതെയാണ് സമീപകാലത്ത് തലസ്ഥാന നഗരികണ്ട ഏറ്റവും വലിയ ജനസഞ്ചയം പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തപ്പെട്ടത്.
ഈ വിഷയം താല്‍ക്കാലിമായി വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടല്‍ ഇടത് മുന്നണിക്കും മുഖ്യമന്ത്രിക്കും ഉണ്ടാകാം. ചിലപ്പോള്‍ അങ്ങിനെ സംഭവിച്ചെന്നുമിരിക്കാം. പക്ഷേ അത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുമെന്നുള്ളതില്‍ സംശയമില്ല. കാരണം ജനുവരി 20 വരെ ചെറിയൊരു മറയെങ്കിലും പരസ്യമായി നിലപാടെടുക്കുമ്പോള്‍ ഉണ്ടായിരുന്നു. ആ മറയാണ് ജനുവരി 20 ലെ അയ്യപ്പഭക്ത സംഗമത്തോട് കൂടി ഇല്ലാതായിരിക്കുന്നത്. അതായത് വെള്ളത്തില്‍ മുങ്ങുമ്പോള്‍ കുളിര് നഷ്ടപ്പെടുന്നത് പോലെ. ഈ സാഹചര്യത്തിലാണ് ദിശാ ബോധമില്ലാതെ കോണ്‍ഗ്രിസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തിക്കുന്നത്. ഒരു നല്ല രാഷ്ട്രീയ വിശകലനമോ പഠനമോ നടത്താനുള്ള, നേതൃത്വമോ ശേഷിയോ ഇല്ലാത്ത സംഘടനയായി കോണ്‍ഗ്രസ് അവശേഷിക്കുന്നു. മലയാളിയുടെ ചിന്തയെ ചെറുതായെങ്കിലുമുണര്‍ത്തുന്ന ഒരു പ്രസ്താവന ഇറക്കാന്‍ പോലും നേതാക്കളില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസിന്റെ സാന്നിധ്യം അറിയപ്പെടുന്നു. ഇത് ജനുവരി 20 പ്രകടമാക്കുന്ന കേരളീയ സമൂഹ്യ അന്തരീക്ഷത്തിന്റെ മറ്റൊരു മുഖമാണ്.