അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഭക്ഷ്യ വസ്തുക്കളില്‍ വിഷം കയറ്റി അയക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ കീഴില്‍ മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ല. അതുകൊണ്ടുതന്നെ ഒറ്റയടിക്ക് നടപടികള്‍ എടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മുന്നോട്ടുള്ള നടപടികള്‍ക്ക് ആഭ്യന്തരവകുപ്പിന്റേതടക്കമുള്ള സഹായങ്ങള്‍ വേണ്ടിവരും. വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണം എന്ന നിര്‍ദേശമാണ് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നും മന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ രാസവസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ ഇന്നു പുലര്‍ച്ചെ പിടികൂടിയിരുന്നു, ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് പരിശോധന ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയത്. തൂത്തുക്കുടി, മണ്ഡപം എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ മീനാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വാളയാറില്‍ പിടികൂടിയ മീനിലും ഫോര്‍മാലിന്‍ സ്ഥിരീകരിച്ചിരുന്നു. ഒരു കിലോ മീനില്‍ 1.4 മില്ലി ഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. 6000 കിലോ മീനാണ് പിടികൂടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വാളയാറില്‍ പിടിച്ചത് പതിനാലായിരം കിലോ മത്സ്യമാണ്.