ലാത്വിയന്‍ യുവതി ലിഗയുടെ മരണം അസ്വാഭികമെന്ന് ആവര്‍ത്തിച്ച് സഹോദരി ഇലീസ്. സാഹചര്യ തെളിവുകളെല്ലാം വിരല്‍ ചൂണ്ടുന്നത് ലിഗയുടേത് കൊലപാതകമാണ് എന്നാണ്. പോലീസ് കേസന്വേഷണത്തില്‍ ഗുരുതര വിഴ്ച വരുത്തിയെന്നും ഇലീസ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പോലീസ് ആദ്യം ഈ കേസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. ലിഗയെ കാണാതായ ആദ്യ ദിവസങ്ങളില്‍ കാര്യമായ സഹായങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. വളരെ വൈകിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതെന്നും ഇലീസ് പറയുന്നു.
ഞങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു. അതില്‍ അസ്വാഭാവിക മരണമെന്നതു വ്യക്തമാണ്. അതിനാല്‍ത്തന്നെ പെട്ടെന്നുള്ള തീരുമാനങ്ങളിലേക്കു പോകരുത്. എങ്ങനെയാണ് കണ്ടല്‍ക്കാട്ടില്‍ ലിഗ എത്തിയതെന്നതില്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണം വേണം. തങ്ങള്‍ കേരള മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നും ഇലീസ് പറഞ്ഞു.
അന്വേഷണം ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകില്ലെന്നും ലിഗയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.