താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. എന്തു തന്നെ സംഭവിച്ചാലും താന്‍ ബി.ജെ.പിയില്‍ ചേരില്ല, ബി.ജെ.പിയിലേക്ക് പോവുകയാണെന്ന തരത്തില്‍ തന്റെ പ്രസംഗം മുറിച്ചുമാറ്റി തെറ്റായ വിധത്തില്‍ പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ പ്രചാരണം ആരുടെയെങ്കിലും മനസ്സില്‍ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപിയില്‍നിന്ന് ക്ഷണം ലഭിച്ചെന്ന് തുറന്നു പറഞ്ഞത് തന്റെ രാഷ്ട്രീയ ധാര്‍മികത മൂലമാണ്. മറ്റുള്ളവരെ അവരുടെ കൂടെ കൂട്ടുന്നതിന് ബി.ജെ.പി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ അതിന് വഴങ്ങിക്കൊടുക്കാന്‍ തന്നെക്കിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഗുജറാത്തിലേതുപോലെ മുസ്ലിം സമുദായത്തിനെതിരെ സംഘടിതമായ ആക്രമണം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. കണ്ണൂരിലെ കൊലപാതകങ്ങളും വീടു കൊള്ളകളുമെല്ലാം നടത്തിയത് മുസ്ലിങ്ങള്‍ക്കെതിരായാണെന്നും അദ്ദേഹം ആരോപിച്ചു. ഇതില്‍ നിന്നൊക്കെ ജനശ്രദ്ധ തിരിച്ച് വിടാനാണ് തനിക്കെതിരായി പി.ജയരാജനും സിപിഎമ്മും പ്രചാരണം നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു