ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. 65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 15 വരെയാണ് മേള നടക്കുക.കേരളത്തില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളുള്‍പ്പെടെ 14 സിനിമകള്‍ മല്‍സരവിഭാഗത്തില്‍ ഉണ്ടാകും.മൊത്തം 14 തിയേറ്ററുകളിലായിട്ടാണ് പ്രദര്‍ശനം നടക്കുക.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മേളയുടെ ഔപചാരിക ഉദ്ഘാടനം ഒഴിവാക്കിയിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമര്‍പ്പിച്ചുകൊണ്ട് ഉദ്ഘാടന ചിത്രമായ ഇന്‍സല്‍ട്ട് 6 മണിക്ക് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.
മേളയുടെ ആദ്യദിനമായ ഇന്ന് ഇന്‍സല്‍ട്ട് ഉള്‍പ്പെടെ 16 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഫെസ്റ്റിവെല്ലിന്റെ മുഖ്യ അതിഥിയായ ബംഗാളി നടി മാധവി മുഖര്‍ജിയും ഫെസ്റ്റിവെല്‍ ഗസ്റ്റ് ഹോണറായ നടന്‍ പ്രകാശ് രാജും നിശാഗന്ധിയില്‍ എത്തും.
ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ നേരത്തെ റിസര്‍വ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.പ്രദര്‍ശനത്തിന് ഒരു ദിവസം മുമ്പ് ഐ.എഫ്.എഫ്.കെ വെബ്‌സൈറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ച് റിസര്‍വ് ചെയ്യാം. കൂടാതെ വേദികളില്‍ സജ്ജമാക്കിയിട്ടുള്ള ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴി രാവിലെ എട്ടു മുതല്‍ വൈകിട്ട് ഒന്‍പതുവരെയും റിസര്‍വേഷന്‍ സാധ്യമാണ്.