Skip to main content
Thiruvananthapuram

 ak saseendran

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ വിളി കേസില്‍ അന്വേഷണം നടത്തിയ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കര്യം അറിയിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ശശീന്ദ്രനല്ല തെറ്റുകാരന്‍, മംഗളം ചാനലും അതിന്റെ അധികൃതരുമാണ്. ഈ സാഹചര്യത്തില്‍ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് വരുന്നതിന് തടസ്സമൊന്നുമില്ലെന്നും എന്നാല്‍ ഇക്കര്യത്തില്‍ തനിക്ക് ഒറ്റക്ക് തീരുമാനം എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ 16 ശുപാര്‍ശകളാണുള്ളത്.എ.കെ ശശീന്ദ്രനെതിരെ മംഗളം ചാനല്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തി.ജസ്റ്റിസ് ആന്റണി കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും ചാനല്‍ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ ഇലക്ട്രോണിക് മീഡിയകളുടെ നിയന്ത്രണത്തിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

 


ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വാര്‍ത്തയാക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വിലക്കാന്‍  മുഖ്യമന്ത്രിയുടെ ഓാഫീസില്‍ നിന്ന് ആരും നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.