Skip to main content

അഫ്ഗാനിസ്ഥാന്‍ പതാക വീശിയ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍ സൈന്യം. അഫ്ഗാനിസ്ഥാനിലെ ജലാലബാദ് നഗരത്തില്‍ നടന്ന പ്രതിഷേധക്കാര്‍ക്ക് നേരെയാണ് താലിബാന്‍ സൈന്യം വെടിയുതിര്‍ത്തത്. വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. എട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. താലിബാന്റെ മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് അഫ്ഗാനിലെ പ്രതിഷേധ പ്രകടനത്തിന് നേരെ നടന്ന വെടിവയ്പ്. ബുധനാഴ്ചയാണ് വെടിവയ്പുണ്ടായത്. താലിബാന്‍ പതാക അംഗീകരിക്കാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ അഫ്ഗാന്റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. 

താലിബാന്റെ അക്രമ ദൃശ്യങ്ങള്‍ പങ്കുവച്ചത് അഫ്ഗാനിസ്ഥാനിലെ എക്‌സ്റ്റേണല്‍ റിലേഷന്‍സിലെ എച്ച്പിസി ഡയറക്ടര്‍ ആയ നജീബ് നങ്യാലാണ്. ഞായറാഴ്ച കാബൂളില്‍ പ്രവേശിച്ച താലിബാന്‍ കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേര്‍ന്ന പതാക താലിബാന്‍ നീക്കം ചെയ്തിരുന്നു, പകരം താലിബാന്റെ കൊടി നാട്ടുകയും ചെയ്തിരുന്നു. ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേരെന്ന് താലിബാന്‍ വക്താവ് സ്ഥിരീകരിച്ചിരുന്നു. 

1990ലെ പ്രത്യയശാസ്ത്രത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ യാതൊരു വ്യത്യാസവുമില്ലെന്നും എന്നാല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.