Skip to main content

ഇന്ത്യയുമായുള്ള റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ജഡ്ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വിറ്റ വിമാനങ്ങള്‍ അമിത വിലയ്ക്കാണെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണത്തിനുള്ള ആവശ്യം ഉയര്‍ന്നത്. ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് വിമാന നിര്‍മാതാക്കളായ ഡസ്സോള്‍ട്ടും തമ്മിലുള്ള 36 വിമാനങ്ങള്‍ക്കായുള്ള 7.8 ബില്യണ്‍ യൂറോ (9.3 ബില്യണ്‍ ഡോളര്‍) കരാര്‍ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ജൂണ്‍ 14 മുതല്‍ ആരംഭിച്ചെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഇടപാടിനെക്കുറിച്ച് 2021 ഏപ്രിലില്‍ ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് പ്രസിദ്ധീകരിച്ച നിരവധി അന്വേഷണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. മീഡിയ പാര്‍ട്ട് ഏപ്രിലില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, കരാറിന് ദാസോള്‍ട്ടിനെ സഹായിച്ച ഇടനിലക്കാര്‍ക്ക് ദശലക്ഷക്കണക്കിന് യൂറോ കമ്മിഷനായി ലഭിച്ചെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ടായിരുന്നു.

ഇന്ത്യയുമായുള്ള കരാറില്‍ ക്രമവിരുദ്ധ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കും. അമിതമായ വിലയ്ക്കാണ് വിമാനങ്ങള്‍ വാങ്ങിയതെന്നും സാങ്കേതിക വിദ്യ കൈമാറ്റം നടന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് കരാറുമായി ബന്ധപ്പെട്ട് നേരത്തെ ഇന്ത്യയില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അന്വേഷണം നടന്നിരുന്നു. എന്നാല്‍ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. ഫ്രാന്‍സില്‍ നടത്തുന്ന അന്വേഷണത്തില്‍ മറിച്ചൊരു കണ്ടെത്തല്‍ ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരിനെതിരേയും കടുത്ത വിമര്‍ശനങ്ങളുയരും.

2015ല്‍ ഫ്രാന്‍സ് സന്ദര്‍ശനവേളയിലാണ് ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. പിന്നീട് 2016ലാണ് ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ റാഫേല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവച്ചത്.