കൊറോണ ഭീതിക്കിടെയും സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. തലസ്ഥാനമായ റിയാദും തെക്കന്‍ നഗരമായ ജിസാനും ലക്ഷ്യമാക്കിയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായും അത്യാഹിതങ്ങളില്ലെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മിസൈല്‍ ആക്രമണമുണ്ടായത്.
ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നും മിസൈല്‍ തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ചില ജനവാസ മേഖലകളില്‍ വീണതായും സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയും അറിയിച്ചു. യു.എസ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സൗദി സഖ്യസേനാ ആക്രമണം ചെറുത്തതെന്ന് സൗദി ടെലിവിഷനായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി മൂന്ന് തവണ സ്‌ഫോടനശബ്ദം കേട്ടതായും പിന്നാലെ പോലീസ് വാഹനങ്ങള്‍ സൈറണ്‍ മുഴക്കി പോയതായും റിയാദിലെ താമസക്കാര്‍ പറഞ്ഞതായി അല്‍-ജസീറയും റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകത്ത് എല്ലായിടത്തും ആക്രമണം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ പാലിക്കണമെന്നും യു.എന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. യെമനിലെ എല്ലാ പാര്‍ട്ടികളും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണമുണ്ടായത്.