Skip to main content

ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തിനിപ്പറം പലരീതിയില്‍ രൂപാന്തരപ്പെട്ട വൈറസിനെ വിജയിക്കാന്‍ വാക്‌സീന്‍ ആയുധമാക്കി പോരാടുകയാണ് രാജ്യം. 2020 ജനുവരി 30ന് ആണ് രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് വ്യാപനം ആദ്യഘട്ടത്തില്‍ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അരങ്ങൊരുക്കുന്നതായിരുന്നു കാഴ്ച. അനാവശ്യ ഭീതിയെന്ന തരത്തില്‍ പാര്‍ലമെന്റില്‍ പോലും ചിത്രീകരിക്കപ്പെട്ടു

വിദേശത്ത് നിന്നെത്തിയവരിലോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലൊ മാത്രം ഒതുങ്ങി നിന്ന കൊവിഡ് പതിയെ യാത്ര പശ്ചാത്തലം ഇല്ലാത്തവരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. 519 കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് 24 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മഹാമാരിയെ എങ്ങനെ നേരിടുമെന്നതിലെ ആശയക്കുഴപ്പം എല്ലായിടത്തും ദൃശ്യമായിരുന്നു. ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികളുടെ പലായനം അടക്കം അതിന് തെളിവാണ്. പ്രത്യേക സാനപത്തിക പാക്കേജ് പ്രഖ്യാപിച്ചും വന്ദേഭാരത് പദ്ധതിയിലൂടെ വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനും ഇതിനിടെ സര്‍ക്കാര്‍ മുന്നിട്ടറങ്ങി.

2021 ജനുവരി പതിനാറ് മുതല്‍ വാക്‌സിന്‍ ആയുധമാക്കി ഇന്ത്യ പൊരുതി തുടങ്ങി. എന്നാല്‍ അധികം വൈകാതെ ആദ്യ തരംഗത്തെക്കള്‍ ഭീകരമായി രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നതും മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടക്കുന്നതും അന്താരാഷ്ട്ര തലത്തില്‍ പോലും വാര്‍ത്തയായി. ഏപ്രില്‍ 30ന് നാല് ലക്ഷം പ്രതിദിന കേസുകളും 3500 പ്രതിദിന മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് അവസാനത്തോടെ കേസുകള്‍ കുറഞ്ഞു തുടങ്ങി. 

രണ്ടാം തരംഗം അവസാനിക്കുമെങ്കിലും പുതിയ തരംഗം വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിദ്ഗധര്‍ ജാഗ്രത വേണമെന്ന് തുടര്‍ച്ചയായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. വൈറസിന്റെ വകഭേദങ്ങള്‍ ഡെല്‍റ്റയായും ഒമിക്രോണായും പരിണമിക്കുന്നതാണ് പിന്നീട് കണ്ടത്. രണ്ടാം തരംഗത്തില്‍ നിന്ന് മൂന്നാം തരംഗത്തിലേക്ക് രാജ്യം എത്തുമ്പോള്‍ വാക്‌സിനേഷനിലും പ്രതിരോധത്തിലുമെല്ലാം ഇന്ത്യ ഏറെ മുന്നേറി കഴിഞ്ഞിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ വാക്‌സീന്‍ വിതരണം ഇന്ന് എത്തി നില്‍ക്കുന്നത് 165 കോടി ഡോസിലാണ്. രണ്ട് ഡോസ് വാക്‌സിന് ശേഷം കരുതല്‍ ഡോസ് വിതരണം ചെയ്യാന്‍ രാജ്യം ആരംഭിച്ച് കഴിഞ്ഞു. 

നാല് കോടി എട്ട് ലക്ഷം പേര്‍ക്ക് ഇതിനോടകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. നാല് ലക്ഷത്തി 93 മൂവായിരം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൂന്ന് കോടി 83 ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി മൂന്നാതരംഗം തുടരവെ ഇരുപത് ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുവെന്നത് ജാഗ്രത കൈവിടരുതെന്ന് ഇന്ത്യയെ ഓര്‍മിപ്പിക്കുന്നതാണ്.