രാജ്യത്ത് 961 ഒമിക്രോണ്‍ കേസുകള്‍; കുതിച്ചുയര്‍ന്ന് കൊവിഡും, ഒറ്റ ദിവസം 45% വര്‍ധന

Glint Desk
Thu, 30-12-2021 10:41:21 AM ;

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന. ഒറ്റ ദിവസത്തില്‍ കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ആണുണ്ടായത്. രാജ്യത്ത് കൊവിഡിനൊപ്പം ഒമിക്രോണ്‍ ബാധിതരുടേയും എണ്ണം കുതിച്ചുയരുകയാണ്. 961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഏറ്റവുമധികം രോഗബാധിതര്‍ ഡല്‍ഹയിലാണ്. 263 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയിലുള്ളത്. രണ്ടാമത് മഹാരാഷ്ട്രയാണ്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. കൊവിഡ് വകഭേദമായ ഒമിക്രോണിന് വാക്‌സീന്‍ പ്രതിരോധം മറികടക്കാന്‍ സാധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. സാര്‍സ് കൊവിഡ് കണ്‍സോര്‍ഷ്യമായ ഇന്‍സകോഗിന്റെ പഠനങ്ങളിലാണ് ഇക്കാര്യമുള്ളത്.

24 മണിക്കൂറില്‍ രാജ്യത്ത് 13,154 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ഡല്‍ഹി പ്രദേശങ്ങളിലാണ് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം 9155 ആയിരുന്നു രാജ്യത്തെ പ്രതിദിന കേസുകള്‍. അതിന് മുമ്പ് ആറായിരത്തോളം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്നാണ് പതിമൂന്നായിരത്തിലേക്ക് കേസുകളെത്തിയത്. കൊവിഡ് മൂന്നാം തരംഗ ജാഗ്രത മുന്നറിയിപ്പ് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് കേസുകളിലെ വന്‍ വര്‍ധന. 

വരും നാളുകള്‍ കൊവിഡ് സുനാമിയുടേതാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘനകയും നല്‍കുന്നത്. കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ച് ഉയരുമെന്നും പുതിയ കൊവിഡ് വകഭേദങ്ങള്‍ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകര്‍ത്തെറിയുമെന്നുമാണ് മുന്നറിയിപ്പ്. വാക്‌സീന്‍ എടുക്കാത്തവരില്‍ രോഗം വലിയ ആഘാതമുണ്ടാക്കുമെന്നും ഡബ്യൂ.എച്ച്.ഓ മേധാവി ടെഡ്‌റോസ് അദാനോം പറഞ്ഞു. ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തുന്നവര്‍ കൂടും. ഇത് നിലവിലെ ആരോഗ്യ സംവിധാനങ്ങളെ സമ്മര്‍ദത്തിലാകും. കൊവിഡ് മരണം കൂത്തനെ ഉയരും. ഒമിക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിയ്ക്കല്‍ രോഗംവന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

Tags: